ഓണാഘോഷത്തിന്റെ മറവിൽ ജില്ലയിൽ വ്യാജമദ്യം ലഹരി വസ്തു വിൽപന മാഫിയകൾ പിടിമുറുക്കുന്നതിനെതിരെ ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം എക്സൈസ്-പൊലീസ് വകുപ്പിന് നിർദ്ദേശം നൽകി. ഓണക്കാലത്ത് അയൽ സംസ്ഥാനത്ത് നിന്നും മറ്റും വ്യാജമദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കടത്ത് വർദ്ധിക്കാൻ സാധ്യതയുളള സാഹചര്യത്തിലാണ് നടപടി. ലഹരി വസ്തുക്കളുടെ വിൽപ്പന എന്നിവ തടയുന്നതിനായി ജില്ലയിലുടനീളം എക്സൈസും പോലീസും റവന്യൂ അധികൃതരും സംയുക്തമായി പരിശോധനകൾ നടത്തും. ചെക്ക് പോസ്റ്റുകളിലും അതിർത്തി പ്രദേശങ്ങളിലും മുഴുവൻ സമയ പരിശോധനയും നടത്താനാണ് നിർദ്ദേശം. ഇതിനായി പ്രത്യേക ടീമിനെ നിയമിച്ചു. എക്സൈസ് വകുപ്പ് പരിശോധനക്കായി മുഴുവൻ സമയ കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്.
വ്യാജമദ്യത്തിന്റെ ഉത്പാദനവും വിൽപ്പനയും കടത്തും സംബന്ധിച്ച് പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും വിവരങ്ങൾ നൽകാമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. പരാതികൾ ജില്ലാ കൺട്രോൾ റൂം (04936 248850), കൽപ്പറ്റ റേഞ്ച് ഓഫീസ് (04936 208230, 202219), മാനന്തവാടി (04935 244923, 240012), ബത്തേരി (04936 227227, 248190),മീനങ്ങാടി (04936 246180). ടോൾ ഫ്രീ നമ്പർ 1800 425 2848 എന്നീ നമ്പറുകളിൽ അറിയിക്കാം.

ജൂലൈയിൽ 534 കേസുകൾ
എക്സൈസ് വകുപ്പ് ജൂലൈ മാസത്തിൽ വിവിധ വിഭാഗങ്ങളിലായി 534 കേസുകൾ രജിസ്റ്റർ ചെയ്തു. കളക്ട്രേറ്റിൽ എ.ഡി.എം. കെ.അജീഷിന്റെ നേതൃത്വത്തിൽ ചേർന്ന വിമുക്തി മിഷൻ യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 66 അബ്കാരി കേസുകളും 43 എൻ.ഡി.പി.എസ്. കേസുകളും 425 കോട്പ കേസുകളും ഇതിൽ ഉൾപ്പെടും. വിവിധ കേസുകളിലായി 104 അറസ്റ്റുകൾ നടത്തി. 48 അബ്കാരി കേസുകളിലും 44 മയക്കു മരുന്നു കേസുകളിലുമാണ് അറസ്റ്റ്. 311 റെയ്ഡുകളാണ് ഇക്കാലയളവിൽ നടത്തിയത്. 178 ലിറ്റർ വിദേശ മദ്യം, 4 ലിറ്റർ ചാരായം, 335 ലിറ്റർ വാഷ് , 398 കിലോ പുകയില ഉൽപന്നങ്ങൾ, 3.11 കിലോഗ്രാം കഞ്ചാവ് , 46 ലിറ്റർ അന്യസംസ്ഥാന മദ്യം, 2105 മയക്ക് മരുന്ന് ഗുളികകൾ, 5 ഗ്രാം ഹാഷിഷ്, 200 കിലോ ഹാൻസ് , 1.420 കിലോ ചന്ദനം, 34,30,000 രൂപ കുഴൽപ്പണം എന്നിവ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. 15030 വാഹനങ്ങൾ പരിശോധിച്ചാണ് ഇവ കണ്ടെത്തിയത്. 456 കളള്ഷാപ്പുകളും 11 മെഡിക്കൽ ഷോപ്പുകളും ജൂലൈയിൽ മാസത്തിൽ റെയ്ഡ് ചെയ്തിട്ടുണ്ട്.
വിമുക്തി മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 17 ജനകീയ കമ്മറ്റികളും 109 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും 122 ആദിവാസി കോളനി സന്ദർശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി കൂട്ടയോട്ടവും സെമിനാറും ഫ്ളാഷ്മോബും സംഘടിപ്പിച്ചു. ജയിൽ വകുപ്പ്മായി ചേർന്ന് തടവുകാർക്ക് ബോധവൽക്കരണം നടത്തി. കുടുംബശ്രീ, വായനശാല തുടങ്ങിവയുമായി ചേർന്നും നിരവധി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചതായും അധികൃതർ അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം.അൻസാരി ബേഗു, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.