ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം: കമ്മീഷന്‍ 
പത്തനംതിട്ട: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ സി.ജെ ആന്റണി, ശ്രീലാ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി.  ജില്ലയില്‍ ഭൂശാസ്ത്രപരമായ പരിമിതികള്‍ കാരണം ബാലാവകാശവുമായി ബന്ധപ്പെട്ട സംവിധാനത്തിലേക്കു കുട്ടികളോ രക്ഷിതാക്കളോ കൂടുതലായി എത്തുന്നില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പഞ്ചായത്ത് തലത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ രൂപികരിച്ചിട്ടുണ്ടെന്നും അവ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. നിലവില്‍ ലഭിക്കുന്ന പരാതികളില്‍ വേഗത്തില്‍ തീരുമാനം എടുക്കാന്‍ കമ്മീഷനു കഴിയുന്നുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലും കമ്മീഷന്‍ പരാതികള്‍ എടുക്കുന്നുണ്ടെന്ന് കമ്മീഷന്‍ അംഗങ്ങളായ സി.ജെ ആന്റണിയും ശ്രീലാ മേനോനും പറഞ്ഞു.