കാസർഗോഡ്: വിദ്യാഭ്യാസമുള്ള സമൂഹത്തിനു മാത്രമേ പ്രശ്‌നങ്ങള്‍ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷക തൊഴിലാളികളുടെ മക്കളില്‍ 2018- 19 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി,  ടി എച്ച് എല്‍ സി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ വിതരണം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനു ധനസഹായം   നല്‍കുകയെന്നത് നമ്മുടെ കടമയാണ്. കര്‍ഷകര്‍ ഇല്ലെങ്കില്‍ നമ്മളില്ല എന്നതാണ് സത്യം. മണ്ണില്‍ പണിയെടുക്കുന്നവന്റെ മക്കള്‍ക്കും പഠിക്കാന്‍ അവകാശമുണ്ട്. കാസര്‍കോടിന്റെ മക്കള്‍ വിദ്യാഭ്യാസ രംഗത്ത് മുന്നിട്ട് നില്‍ക്കുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികവുള്ളവരാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍. വിദ്യാഭ്യാസത്തിലൂടെ ഭാവി സുരക്ഷിതമാക്കണം.
സാമൂഹീക പുരോഗതിയുടെ അടിസ്ഥാന ഘടകം വിദ്യാഭ്യാസമാണ്. എത്ര പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെയും  വിദ്യാഭ്യാസത്തിലൂടെ മുന്നോട്ട് കൊണ്ടുവരാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.  ഇല്ലായ്മയിലും മക്കളെ പഠിപ്പിക്കാന്‍ തയ്യാറായ രക്ഷിതാക്കളെയും മന്ത്രി അഭിനന്ദിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യം വിതരണം ചെയ്തു. കര്‍ഷക  തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ വി.നാരായണന്‍, കര്‍ഷക തൊഴിലാളി ക്ഷേമ നിധി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.കെ സജീവന്‍, കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി വി.കെ രാജന്‍, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എ.വാസുദേവന്‍, ഭാരതീയ ഖേദ് തൊഴിലാളി മസ്ദൂര്‍ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്‍,  കര്‍ഷക തൊഴിലാളി സംഘം ജില്ലാ പ്രസിഡന്റ് ടി.കൃഷ്ണന്‍,  ഹിന്ദു മസ്ദൂര്‍ സഭ ജില്ല സെക്രട്ടറി ഇ.വി ഗണേശന്‍, കേരള സംസ്ഥാന കര്‍ഷക തൊഴിലാളി ഫെഡറേഷന്‍  പ്രസിഡന്റ് ടി.കൃഷ്ണന്‍, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന  പ്രസിഡന്റ് കൊവ്വല്‍ അബ്ദുള്‍ റഹ്മാന്‍  എന്നിവര്‍ പങ്കെടുത്തു.