കാസർഗോഡ്: ഭൂഗര്‍ഭജല വിതാനം അപകടകരമാം വിധത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന കാസര്‍കോട് ബ്ലോക്കില്‍ ജലശക്തി അഭിയാന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പദ്ധതി പ്രകാരം ജല അതോറിറ്റിയുടെ സഹകരണത്തോടെ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ മൂന്ന് ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് അഞ്ഞൂറോളം വീടുകളിലെ കിണറുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു.
മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, മധൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ 60 എന്‍എസ്എസ് വളണ്ടിയര്‍മാരാണ് സാമ്പിള്‍ ശേഖരണത്തിനായി മുന്നിട്ടിറങ്ങിയത്. മലിനജലം കിണറുകളില്‍ കലരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികളെ വഹിച്ചുള്ള കുടിവെള്ള ഗുണനിലവാര പരിശോധന ക്യാമ്പെയ്ന്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ജല അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ സൂദീപ് നിര്‍വഹിച്ചു.
ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.എം അശോക് കുമാര്‍, ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം.ടി പത്മനാഭന്‍, ക്വാളിറ്റി കണ്‍ട്രോളിങ് അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍.മധു, ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആസിഫ് എന്നിവര്‍ സംബന്ധിച്ചു.
പരിശോധന സൗജന്യം; ഒരാഴ്ചയ്ക്കകം പരിശോധനാ ഫലം കൈമാറും

സാമ്പിളുകള്‍ ജല അതോറിറ്റി ലാബില്‍ സൗജന്യമായി പരിശോധിച്ച് ഫലം വീട്ടുടമകള്‍ക്ക് നല്‍കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം.ടി പത്മനാഭന്‍ പറഞ്ഞു. വെള്ളം കുടിക്കാനനുയോജ്യമാക്കുന്നതിനായി സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള നിര്‍ദേശവും  നല്‍കും. സാധാരണ ഗതിയില്‍ 850 രൂപയാണ് ജലഗുണനിലവാര പരിശോധനയ്ക്ക് ഈടാക്കുന്നത്. ക്യാമ്പെയിന്റെ ഭാഗമായി സൗജന്യമായാണ് പരിശോധന നടത്തുന്നത്. പരിശോധനാ ഫലം ഒരാഴ്ചയ്ക്കകം വീട്ടുടമകള്‍ക്ക് കൈമാറും. ശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജലശക്തി അഭിയാന്‍ പദ്ധതി പ്രകാരമുള്ള ജലഅതോറിറ്റിയുടെ സൗജന്യ  ജല പരിശോധന പൊതുജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്ന് മൊഗ്രാല്‍ പുത്തൂരില്‍ ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ പറഞ്ഞു. പഞ്ചായത്തിലെ കടവത്ത്, മൊഗര്‍ പടിഞ്ഞാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെ  കിണറുകളില്‍ നിന്ന് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ നേരിട്ടെത്തി സാമ്പിളുകള്‍ ശേഖരിച്ചു. ജലശക്തി അഭിയാന്‍ പഞ്ചായത്ത്തല കണ്‍വീനറായ കൃഷി ഓഫീസര്‍ ചവന നരസിംഹലു, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, അസിസ്റ്റന്‍ കൃഷി ഓഫീസര്‍ പി വി വിനോദ്, സന്നദ്ധ പ്രവര്‍ത്തകരായ എസ് പി സലാഹുദ്ദീന്‍, മാഹിന്‍ കുന്നില്‍, എം മുനീര്‍, ബഷീര്‍ പടിഞ്ഞാര്‍, പി ബി എസ് ഷഫീക്ക്, എസ് എം നൂറുദ്ദീന്‍ തുടങ്ങിയവര്‍ സാമ്പിള്‍ ശേഖരണത്തിന് നേതൃത്വം നല്‍കി. കുമ്പള, മധൂര്‍ എന്നീ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു.