പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ കൈത്തറി കരകൗശല മേള തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മേള ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സഗീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ജേക്കബ് ആദ്യവില്‍പ്പന നടത്തി.
മേളയില്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെയും ബാലരാമപുരം, ചേന്ദമംഗലം സംഘങ്ങളുടെയും കൈത്തറി ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങാം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്,  ഐസ് ടീ, ടോയ്‌ലറ്റ് ക്ലീനിംഗ് വസ്തുക്കള്‍, പെയിന്റിംഗുകള്‍ തുടങ്ങിയവ മേളയില്‍ ലഭ്യമാണ്.
കൈത്തറി ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം ഗവണ്‍മെന്റ് റിബേറ്റുണ്ട്. 1000 രൂപയ്ക്ക് മുകളില്‍ കൈത്തറി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂപ്പണ്‍ നറുക്കിട്ട് സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയും മേളയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ സംരംഭകര്‍ നിര്‍മിക്കുന്ന മുളയില്‍ നിന്നുള്ള അലങ്കാര വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, വെള്ളം ശുദ്ധീകരിക്കുന്ന പോര്‍ട്ടബിള്‍ ഫില്‍ട്ടറുകള്‍, വാട്ടര്‍ ടാങ്കിലേക്കുള്ള വെള്ളത്തിന്റെ പമ്പിംഗ് നിയന്ത്രിക്കുന്ന ഉപകരണങ്ങള്‍, വീട്ടമ്മമാര്‍ നിര്‍മിക്കുന്ന കോട്ടണ്‍ ബാഗുകള്‍, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ എന്നിവയും മേളയില്‍ ലഭിക്കും. മേള 10ന് സമാപിക്കും.