അധ്യാപകർ നിശ്ചിത എണ്ണം കുട്ടികളുടെ മാർഗദർശിയാകണം: മുഖ്യമന്ത്രി

അധ്യാപകർ ക്ളാസിലെ നിശ്ചിത എണ്ണം കുട്ടികളുടെ മാർഗദർശിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികളിലുണ്ടാകുന്ന ഭാവവ്യത്യാസങ്ങൾ പഠിക്കാനും പിന്നീടുള്ള ജീവിതത്തിൽ താങ്ങാവാനും അവർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന അധ്യാപക അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശരാശരിയിൽ താഴെയുള്ള വിദ്യർഥികൾക്ക് മികവുള്ള കുട്ടികൾക്ക് ഒപ്പമെത്താൻ അധ്യാപകർ താങ്ങും പിന്തുണയും നൽകണമെന്ന് മുഖ്യമന്ത്രി  പറഞ്ഞു.

ഒരു ക്ളാസിൽ മികവാർന്ന നിലയിൽ പഠിക്കുന്നവരും ശരാശരിക്കാരും അതിൽ താഴെയുള്ളവരും ഉണ്ടാകും. ശരാശരിയിൽ താഴെയുള്ളവർക്കാണ് അധ്യാപകർ പ്രത്യേകം ശ്രദ്ധ നൽകേണ്ടത്. ധാരാളം കുട്ടികളുള്ള സ്‌കൂളുകളിൽ ഓരോരുത്തരെയും വ്യക്തിപരമായി ശ്രദ്ധിക്കുന്നത് എങ്ങനെ പ്രാവർത്തികമാക്കാം എന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ്‌വത്കരണത്തിന്റെ കാലത്ത് ജനകീയവും ആധുനികവും മാനവികവുമായ വിദ്യാഭാസം രൂപപ്പെടുത്തുന്നതിനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അനന്യമായ മാതൃകയായി കേരളീയവിദ്യാഭാസത്തെ മാറ്റാൻ കഴിയണം. പൊതുവിദ്യാഭ്യാസയജ്ഞത്തിലൂടെ സംസ്ഥാനത്തെ വിദ്യാഭാസത്തെ ശാക്തീകരിക്കാൻ സാധിച്ചു. അധ്യാപകരാണ് ഈ ശാക്തീകരണത്തിനു പിന്നിൽ പ്രധാനമായും പ്രവർത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ, എസ്‌സിഇആർടി ഡയറക്ടർ ഡോ.ജെ.പ്രസാദ്, ഹയർസെക്കൻഡറി ഡയറക്ടർ ഡോ.പി.പി.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

പൊതുവിദ്യാഭാസ ഡയറക്ടർ ജീവൻബാബു കെ. റിപ്പോർട്ട് അവതരിപ്പിച്ചു. 43 അധ്യാപർക്കാണ് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തത്. ഏറ്റവും മികച്ച പിടിഎയ്ക്കുള്ള അവാർഡുകളും വിദ്യാരംഗം കലാസാഹിത്യപുരസ്‌കാരങ്ങളും പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡുകളും വിദ്യാഭാസമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.