ഭിന്നശേഷി കുട്ടികൾക്ക് സർക്കാർ നിരവധി സഹായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അവ കുട്ടികൾക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്നും ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ശ്രേഷ്ഠ ദിവ്യാങ്ക് ബാലക് പുരസ്കാര ജേതാവ് മുഹമ്മദ് യാസീൻ പറഞ്ഞു. സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിനോടനുബന്ധിച്ച് കായംകുളം മണ്ഡലത്തിൽ ആരംഭിച്ച ഭവന സന്ദർശന പരിപാടിയുടെ ഭാഗമായെത്തിയ കർമ്മസമിതി അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് കൃത്യമായ പരിശീലനം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയർത്തിക്കൊണ്ട് വരണമെന്നും ആത്മവിശ്വാസവും അവസരങ്ങളും ഒരുക്കുമ്പോൾ അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുമെന്നും യാസീൻ പറഞ്ഞു. വീൽചെയറിൽ സഞ്ചരിക്കുന്നതിനാൽ വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
കീബോർഡിൽ വിസ്മയം തീർക്കുന്ന മുഹമ്മദ് യാസീൻ പ്രയാർ ആർ.വി.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ കലോത്സവ നാടക മത്സരത്തിൽ മികച്ച നടനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ മുഹമ്മദ് യാസീൻ്റെ വീട്ടിൽ നിന്നാണ് സിറ്റിസൺ റെസ്പോൺസ് പോഗ്രാം കായംകുളം മണ്ഡലതല ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചത്. വികസന ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അഭിപ്രായങ്ങൾ പഠിക്കുക, വികസന ക്ഷേമ പരിപാടികൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുക, പുതിയ തൊഴിലവസരങ്ങൾ, വികസന പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം – വികസന ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങൾ.
മണ്ഡലതല ചാർജ് ഓഫീസർ പി ബാബു, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി കല, മണ്ഡലതല സമിതി അംഗങ്ങളായ പി കെ വിജയൻ, എ എ ബഷീർ, എൻ ഹരിപ്രസാദ്, കില ആർ പിമാരായ സി കെ ഉണ്ണിത്താൻ, പൊടിയൻ കണ്ടല്ലൂർ, പഞ്ചായത്ത് തല സമിതി അംഗങ്ങളായ മുരളീധരൻ നായർ, കിരൺ, തീമാറ്റിക് എക്സ്പേർട്ട് സുനി വിജിത്ത്, മറ്റ് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
