പത്തനംതിട്ട: രണ്ടു വില്ലേജുകള്‍ ഉള്ള വലിയ പഞ്ചായത്തായ പള്ളിക്കലിനെ താമസിക്കാതെ വിഭജിക്കുമെന്ന് വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. അടൂര്‍ മുണ്ടപ്പള്ളി വെറ്ററിനറി സബ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അത്തരം സാഹചര്യത്തില്‍ ഓരോ പഞ്ചായത്തിലും അനിവാര്യമായി ഉണ്ടാകേണ്ട മൃഗാശുപത്രി ഉള്‍പ്പെടെ സൗകര്യങ്ങള്‍ അനുവദിക്കും. മുണ്ടപ്പള്ളി വെറ്ററിനറി സബ് സെന്ററിനെ മൃഗാശുപത്രി ആക്കി മാറ്റാന്‍ കഴിയും. ഇതിനു മുന്‍പായി മുണ്ടപ്പള്ളി വെറ്ററിനറി സബ് സെന്ററില്‍ കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും.

സംസ്ഥാനത്ത് 48,000 ല്‍ അധിരം ക്ഷീര കര്‍ഷകര്‍ക്ക് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു. ഓണവുമായി ബന്ധപ്പെട്ട് എല്ലാ ക്ഷേമ പെന്‍ഷനുകളിലും മൂന്നുമാസത്തെ തുക ഒരു ഗഡുവായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ശമ്പളവും പെന്‍ഷനും ആനൂകൂല്യങ്ങളും ഓണത്തിനു മുന്‍പായി വിതരണം ചെയ്തു. അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണം ഉണ്ണുന്നതിന് സഹായധനം നല്‍കി. പ്രളയത്തിന് ഇരയായവര്‍ക്ക് അടിയന്തിരസഹായമായി 10,000 രൂപയുടെ വിതരണം തുടങ്ങി. ഓണത്തിന് മുന്‍പ് തന്നെ ഇതു വിതരണം ചെയ്യും. തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിന ഹാജരുള്ളവര്‍ക്ക് 1000 രൂപ വീതം നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അടൂര്‍ നിയോജകമണ്ഡലത്തില്‍ ഏറ്റവും അധികം വികസന പ്രര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലമാണ് പള്ളിക്കല്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കിയ ഇ.വി. മത്തായിയുടെ പത്‌നി ലീലാമ്മയെ മന്ത്രി ആദരിച്ചു.