ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചെറുതോണിയില്‍ വിപുലമായ ജനകീയ പങ്കാളിത്തത്തോടു കൂടി സംഘടിപ്പിക്കുന്ന  ഓണം ടൂറിസം വാരഘോഷത്തിന്  തുടക്കമായി. വാഴത്തോപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ റിൻസി സിബി പതാക ഉയർത്തി.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി ചെറുതോണി പട്ടണത്തിലൂടെ  ഏവർക്കും ആശംസകൾ അർപ്പിച്ചു സഞ്ചരിച്ചു.
സെപ്റ്റംബര്‍ പത്തുമുതല്‍ 16 വരെയാണ്  ഓണം വാരം ആഘോഷിക്കുന്നത്. ജില്ലാതല ഉദ്‌ഘാടനം മൂന്നാറിൽ കൊടിയേറി.  16 ന്  ജില്ലാതല സമാപനസമ്മേളനം ചെറുതോണിയിൽ  നടക്കും.  ജില്ലയിൽ ചെറുതോണി, പീരുമേട്, തൊടുപുഴ, ഉടുമ്പൻചോല, മൂന്നാർ എന്നിവിടങ്ങളിൽ ആണ്‌ ഓണം ടൂറിസം വാരഘോഷ പരിപാടികൾ  നടക്കുന്നത്.
തുടർന്ന് സമാപന സമ്മേളനത്തിന് മുന്നോടിയായി   സംഘാടക സമിതി യോഗം ചേർന്നു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗവും  ഡി.ടി.പി.സി എക്സിക്യൂട്ടിവ്  അംഗവുമായ സി.വി വർഗീസ്, ഡി.ടി.പി.സി സെക്രട്ടറി ജയൻ.പി. വിജയൻ,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ റിൻസി സിബി, എന്നിവർ സംസാരിച്ചു. മാവേലി എഴുന്നള്ളത്ത്‌ , അത്തപ്പൂക്കളം ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഉണ്ടാകും. 16 ന് സമാപന ദിവസം പാലാ കമ്യൂണിക്കേഷന്‍സിന്റെ ഗാനമേള. നിശ്ചല ദൃശ്യങ്ങള്‍, ഫ്ളോട്ടുകള്‍, തെയ്യം, മയിലാട്ടം, പരുന്താട്ടം, കഥകളി, പുലികളി  എന്നിങ്ങനെ നാടിന്റെ സാംസ്‌കാരിക പൈതൃകങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള വര്‍ണശബളമായ റാലി ആഘോഷത്തിന്റെ സവിശേഷതയായിരിക്കും. സമീപ പഞ്ചായത്തുകളിലെ വനിതകള്‍ ഉള്‍പ്പെടെയുള്ളവരുടെ പൂര്‍ണമായ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയായിരിക്കും പരിപാടികള്‍ നടത്തുന്നത്.
ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ, എക്സിക്യൂട്ടിവ്  അംഗം സി.വി വർഗീസ്, അനിൽ കൂവപ്ലാക്കൽ, വാഴത്തോപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ റിൻസി സിബി, പഞ്ചായത്ത്‌ അംഗങ്ങളായ കെ. എം ജലാലുദ്ധീൻ, അമ്മിണി ജോസ്, ആലീസ് ജോസ്, ബാബു, വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ്‌ സാജൻ കുന്നേൽ, വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ്‌ ജോസ് കുഴികണ്ടം, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.