കൊച്ചി: എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ലാവണ്യം 2019 ഓണാഘോഷ പരിപാടി വൈവിധ്യമാർന്ന കലാപരിപാടികളുമായി മൂന്നാം ദിവസം പിന്നിട്ടു. മുഖ്യവേദിയായ ദർബാർ ഹാൾ ഓപ്പൺ എയർ തിയറ്ററിൽ ദേവൻ കക്കാട് ചാക്യാർകൂത്ത് അവതരിപ്പിച്ചു. തുടർന്ന് കൃതിക എസ് അവതരിപ്പിച്ച കൃതി മ്യൂസിക് ബാന്റ്, കാണികൾക്ക് ദൃശ്യവിരുന്നായി ട്രാൻസ്ജെൻഡേഴ്സ് ആർട്ട്സ് ആന്റ് ചാരിറ്റബിൾ സൊസൈറ്റി അവതരിപ്പിച്ച ദ്വയ മെഗാഷോ എന്നിവ നടന്നു.

ഫോർട്ട് കൊച്ചി പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിൽ എ.എം.എൻ ഇവന്റ്സ് അവതരിപ്പിച്ച ഉഗ്രം ഉജ്വലം മെഗാ ഷോ, പള്ളുരുത്തി വെളി ഗ്രൗണ്ടിലെ വേദിയിൽ കുമാർ അവതരിപ്പിച്ച ഏകാംഗ നാടകം എന്നിവ നടന്നു.