പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  സെപ്റ്റംബര്‍ 23 ന് നടക്കുന്ന  തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വ്വകവുമായി നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടം നടപ്പിലാക്കിയിട്ടുണ്ട്.

പാലാ നിയോജക മണ്ഡലത്തില്‍ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.  മണ്ഡലത്തിലെ മുഴുവന്‍ സമ്മതിദായകരെയും പോളിംഗ് ബൂത്തില്‍  എത്തിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും ആവശ്യമായ സൌകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കുവാനുള്ള പുതിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച എം3 വോട്ടിംഗ് മെഷീനുകളും വി.വി.പാറ്റുകളും ഫസ്റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫസ്റ്റ് ലെവല്‍ ചെക്കിംഗ് കഴിഞ്ഞ 5% മെഷിനുകളില്‍ 1000 വോട്ട് വീതം ചെയ്ത് മോക്ക് പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിംഗ് മെഷീനില്‍ ഉപയോഗിച്ചിട്ടുള്ളത്.

പോളിംഗ് ബൂത്തുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.  എല്ലാ പോളിംഗ് ബൂത്തുകളിലും റാമ്പുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മഴയുടെ ആധിക്യം പരിഗണിച്ച് എല്ലാ പോളിംഗ് ബൂത്തുകളിലും ഷേഡുകള്‍ സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.  കുടിവെള്ളം, ടോയ്ലെറ്റ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് വേതനത്തോടുകൂടി അവധി അനുവദിക്കണമെന്ന് തൊഴില്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഷോപ്സ് & എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിന്‍െറ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.  പാലാ നിയോജക മണ്ഡലത്തില്‍ വോട്ടവകാശമുള്ള മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വേതനത്തോടു കൂടിയ അവധി അനുവദിക്കുവാനും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. കൂടാതെ പാലാ നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് സെപ്റ്റംബര്‍ 23 ന്
—-
മണ്ഡലത്തിലെ 176 പോളിംഗ് ബൂത്തുകളിലായി രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പോളിംഗ് സമയം. എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്.  രാവിലെ 6 ന് തെരഞ്ഞെടുപ്പ് ഏജന്‍റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ മോക്ക് പോള്‍ ആരംഭിക്കും.  വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളുടെ വിതരണം സെപ്റ്റംബര്‍ 22 ന് രാവിലെ 8 മണി മുതല്‍ മണ്ഡലത്തിലെ വിതരണകേന്ദ്രമായ പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ തയ്യാറാക്കിയിട്ടുള്ള വിതരണ കേന്ദ്രത്തില്‍ നിന്നും ആരംഭിക്കുന്നതാണ്.

വോട്ടെടുപ്പിന്റെ അവസാന 48 മണിക്കൂര്‍
—–
വോട്ടെടുപ്പ് സമാപിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറില്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുതെന്ന് 1951 ലെ ജനപ്രാതിനിധ്യ നിയമം 126-ാം വകുപ്പ് പ്രകാരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഇതനുസരിച്ച് സെപ്റ്റംബര്‍ 21 വൈകിട്ട് ആറ് മണിക്ക് പരസ്യപ്രചാരണം അവസാനിപ്പിക്കേണ്ടതാണ്.  രാഷ്ട്രീയ സ്വഭാവമുള്ള ബള്‍ക്ക് എസ്.എം.എസ്. കളും റേഡിയോ സന്ദേശങ്ങളും മറ്റ് മാധ്യമ പ്രചാരണങ്ങളും നിരോധിച്ചിട്ടുണ്ട്.  21 ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ 23 ന് വൈകിട്ട് 6 വരെ ജില്ലയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിലെ പുതുമകള്‍
——
എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് മെഷിന്‍ ഉണ്ടെന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. കാഴ്ച ശക്തി കുറഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള  സഹായം, വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ഒരു ബൂത്ത്, 5 മാതൃകാ പോളിംഗ് ബുത്തുകള്‍ എന്നിവയും മണ്ഡലത്തില്‍ ഒരുക്കിയിട്ടുണ്ട്.   വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ബൂത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വനിതകള്‍ ആയിരിക്കും. ഈ ബൂത്തുകളില്‍ പോളിംഗ് ഏജന്‍റായി വനിതകളെ നിയമിക്കുവാന്‍ സ്ഥാനാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളോടൊപ്പം വനിതാ കാത്തിരിപ്പ് കേന്ദ്രം, ഫീഡിംഗ് റൂം, കുട്ടികള്‍ക്കുള്ള ക്രഷ് തുടങ്ങിയ സൌകര്യങ്ങള്‍ എന്നിവ മാതൃകാ പോളിംഗ് സ്റ്റേഷനുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ലിപ്പ് മണ്ഡലത്തില്‍ പൂര്‍ത്തിയായി വരുന്നു.  ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തി സ്ലിപ്പുകള്‍ ലഭ്യമാക്കും. ടി സ്ലിപ്പ് പാര്‍ട്ട് നമ്പര്‍ അറിയുന്നതിനായി മാത്രമേ ഉപയോഗിക്കാവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  തിരിച്ചറിയല്‍ കാര്‍ഡ് കൂടാതെ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍വ്വീസ് ഐഡന്‍റിറ്റി കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാന്‍കാര്‍ഡ്, തൊഴിലുറപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖകള്‍, എം.പി./എം.എല്‍.എ. മാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയില്‍ രേഖയായി പോളിംഗ് ബുത്തില്‍ ഉപയോഗിക്കാവുന്നതാണ്.   നാട്ടില്‍ ഇല്ലാത്ത വോട്ടര്‍മാരുടെയും മറ്റും വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.  വോട്ടര്‍മാരുടെ ഡ്യൂപ്ലിക്കേഷന്‍, കള്ളവോട്ട് എന്നിവ ഒഴിവാക്കാന്‍ ഇത്തരം സംവിധാനം പ്രയോജനപ്പെടും.

കാഴ്ച വൈകല്യമുള്ളവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് പേപ്പര്‍
———
കാഴ്ചവൈകല്യമുള്ളവര്‍ക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യുന്നതിന് ഒരോ പോളിംഗ് ബൂത്തിലും ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് പേപ്പറുകള്‍ ലഭ്യമായിരിക്കും.  ഇത് വായിച്ച് ബാലറ്റിലെ ക്രമനമ്പര്‍ മനസ്സിലാക്കി വോട്ടിംഗ് മെഷീന്റെ ബ്രെയിലി ലിപിയിലുള്ള നമ്പര്‍ മനസ്സിലാക്കി വോട്ട് രേഖപ്പെടുത്താവുന്നതാണ്.

ഭിന്നശേഷിയുള്ളവരെ പോളിംഗ് ബൂത്തുകളിലെത്തിക്കാന്‍ സംവിധാനം
——-
മണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഭിന്നശേഷിക്കാരെയും പോളിംഗ് ബൂത്തിലെത്തിക്കാന്‍ ഒട്ടേറെ സൌകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.  പ്രസ്തുത ആളുകള്‍ക്ക് വീട്ടിലെത്തി വോട്ടിംഗിന് കൊണ്ടുപോകുന്ന സമയം വരെ രേഖപ്പെടുത്തിയിട്ടുള്ള പ്രത്യേക വോട്ടര്‍ സ്ലിപ്പ് ബി.എല്‍.ഒ. മാര്‍ മുഖേന വിതരണം ചെയ്തു വരുന്നു.  ഈ വിഭാഗത്തില്‍ പ്പെട്ടവരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി റൂട്ട് ഓഫീസര്‍, എന്‍.എസ്.എസ്. വോളിയന്‍റിയര്‍മാര്‍, ബി.എല്‍.ഒ. മാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.  ഇതിനാവശ്യമായ വാഹനങ്ങള്‍, വീല്‍ചെയറുകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
————-
സംസ്ഥാന ജീവനക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വ്വകലാശാലാ ജീവനക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ആയിരത്തി ഇരുനൂറോളം ജീവനക്കാരെ പരിശീലനം നല്‍കി വിവധ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

പോലീസ് സംവിധാനം
————
സുരക്ഷ ഉറപ്പു വരുത്തുന്നതിന് കേന്ദ്രസേന ഉള്‍പ്പെടെ 700 ഉദ്യോഗസ്ഥര്‍ നിതാന്തജാഗ്രത പുലര്‍ത്തുന്നു.  ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 5 ഡി.വൈസ്.പി.മാര്‍, 7 സി.ഐ.മാര്‍, 45 എസ്.ഐ. മാരും നേതൃത്വം നല്‍കുന്നതാണ്.  കൂടാതെ 396 കോണ്‍സ്റ്റബിള്‍മാരും ഡ്യൂട്ടിയിലുണ്ട്.  കൂടാതെ 240 കേന്ദ്ര സേനാംഗങ്ങളും ജില്ലയില്‍ ജാഗ്രത പുലര്‍ത്തുന്നു.

സ്ക്വാഡുകളും കമ്മറ്റികളും
———–
3 ഫ്ളയിംഗ് സ്ക്വാഡുകള്‍, 24 സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, 4 വീഡിയോ സര്‍വയലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം, എം.സി.സി. എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടന്നു വരുന്നു.  എം.സി.സി. യുടെ കീഴില്‍ 2 ആന്‍റി ഡീഫേസ്മെന്‍റ് സ്ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്.  പോലീസ്, എക്സൈസ്, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധകളും നടന്നുവരുന്നു.

എം.സി.എം.സി.
———
മീഡിയ സര്‍ട്ടിഫിക്കേഷന്‍ & മോനിട്ടറിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്ര ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയ, എഫ്.എം. തുടങ്ങിയവയും നിരീക്ഷിച്ചു വരുന്നു.  ഇലക്ഷന്‍ പ്രചരണത്തിനു വേണ്ടിയുള്ള വിവിധ അപേക്ഷ പരിശോധിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി സി-വിജില്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍, വിവിധ അനുമതികള്‍ നല്‍കുന്നതിനുള്ള മൊബൈല്‍ ആപ്പും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.

പോളിംഗ് ബൂത്തുകള്‍
——-
ആകെ പോളിംഗ് ബൂത്തുകള്‍ 176. വനിതാ നിയന്ത്രിത ബൂത്തുകള്‍ 1, മാതൃക ബൂത്തുകള്‍ 5, ക്രിട്ടിക്കല്‍ ബൂത്തുകള്‍ 3, സെന്‍സിറ്റീവ് ബൂത്തുകള്‍ 2 ആണ് ഉള്ളത്. ക്രിട്ടിക്കല്‍ സെന്‍സിറ്റീവ് ബൂത്തുകളിലെ മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോ റിക്കാര്‍ഡിംഗ് നടത്തുന്നതാണ്. കൂടാതെ ടി ലൊക്കേഷനുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരുടെ നേരിട്ടുള്ള നിരീക്ഷണവും ഉണ്ടായിരിക്കും.

വോട്ടര്‍മാര്‍
——–
മണ്ഡലത്തില്‍ ആകെ 1,79,107 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 87,729 പുരുഷന്‍മാരും 91,378 സ്ത്രീകളും ആണ് ഉള്ളത്. ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ 89 ഓവര്‍സീസ് വോട്ടര്‍മാരും 152 സര്‍വ്വീസ് വോട്ടര്‍മാരും ഉണ്ട്. ഇത്തവണ സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് പേപ്പറാണ് (ഋഠജആട) നല്‍കിയിരിക്കുന്നത്.

സ്ട്രോങ്ങ് റൂം
———–
പാലാ കാര്‍മ്മല്‍ പബ്ലിക് സ്കൂളില്‍ സജ്ജീകരിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലാണ് വോട്ടിംഗിനു ശേഷം തിരികെ ലഭിക്കുന്ന മെഷീനുകള്‍ സൂക്ഷിക്കുന്നത്.  ടി സ്ട്രോങ്ങ് റൂമില്‍ 24 മണിക്കൂറും സി.സി.ടി.വി. സര്‍വ്വയലന്‍സ്, ഫയര്‍ സുരക്ഷ,  കേന്ദ്രസേനയുടെ  നിരീക്ഷണം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. സ്ട്രോങ്ങ് റൂമിന്  മജിസ്റ്റീരിയല്‍ അധികാരത്തോടെ 24 മണിക്കൂറും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. കൂടാതെ 23.09.2019 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്കോ അവരുടെ ഏജന്‍റുമാര്‍ക്കോ സ്ട്രോങ്ങ് റൂം സെക്യൂരിറ്റി പരിശോധിക്കുന്നതിനായി സി.സി.ടി.വി. സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

വോട്ടെണ്ണല്‍
————–
വോട്ടെണ്ണല്‍ 27.09.2019 ന് പാലാ കാര്‍മ്മല്‍ പബ്ലിക് സ്കൂളില്‍ വച്ച് നടക്കുന്നതാണ്. 14 ടേബിളുകളിലായി 13 വീതം റൌണ്ടാണ് വോട്ടെണ്ണലിനായി നിശ്ചിയിച്ചിരിക്കുന്നത്.
176 പോളിംഗ് സ്റ്റേഷനുകളിലെയും ഇ.വി.എം. കൌണ്ടിംഗിനു ശേഷം അഞ്ച് പോളിംഗ് സ്റ്റേഷനിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതാണ്.  ടി പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാനാര്‍ത്ഥിയുടെയോ ഏജന്‍റിന്‍റെയോ സാന്നിദ്ധ്യത്തില്‍ നറുക്കിട്ടാണ് തീരുമാനിക്കുന്നത്.
ഇ.വി.എം.,  വി.വി.പാറ്റ് സ്ലിപ്പുകള്‍ എന്നിവ എണ്ണി തിട്ടപ്പെടുത്തി സുവിധ സോഫ്റ്റ് വെയറില്‍ അപ് ലോഡ് ചെയ്തതിനും ശേഷം ഇലക്ഷന്‍ കമ്മീഷന്‍റെ അനുമതിയോടു കൂടി മാത്രമേ ഇലക്ഷന്‍ ഫലപ്രഖ്യാപനം നടത്തുകയുള്ളു.

പൊതു നിര്‍ദ്ദേശങ്ങള്‍
—————
ډ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിന് പുറത്തു നിന്ന് എത്തിയിട്ടുള്ള മണ്ഡലത്തിലെ വോട്ടറല്ലാത്ത എല്ലാ രാഷ്ട്രീയ പ്രചാരകരും പരസ്യ പ്രചരണം അവസാനിച്ചാല്‍ ഉടന്‍ തന്നെ മണ്ഡലം വിട്ടു പോകേണ്ടതാണ്.
ډ പോളിംഗ് സ്റ്റേഷന്റെ 200 മീറ്ററിനപ്പുറം മാത്രമെ പാര്‍ട്ടികളുടെ ബൂത്ത് സ്ഥാപിക്കാവൂ.
ډ പോളിംഗ് സ്റ്റേഷന് 100 മീറ്ററിനുള്ളില്‍ വോട്ട് ക്യാന്‍വാസ് ചെയ്യുവാന്‍ പാടില്ല.
ډ പോളിംഗിനു വേണ്ടി വോട്ടര്‍മാരെ സ്ഥാനാര്‍ത്ഥികളോ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളോ വാഹനങ്ങളില്‍ എത്തിക്കുവാന്‍ പാടുള്ളതല്ല.
ډ പോളിംഗ് ഏജന്‍റുമാര്‍ പോളിംഗ് സ്റ്റേഷനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.
ډ ഇലക്ഷന്‍ ദിവസം വോട്ടര്‍മാര്‍ അല്ലാതെ സ്ഥാനാര്‍ത്ഥി, സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്‍റ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമെ ബൂത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ
ډ പോളിംഗ് സ്റ്റേഷന്‍െറ 200 മീറ്ററിനുള്ളില്‍ പോസ്റ്റര്‍, ബാനര്‍, ചുമരെഴുത്ത് എന്നിവ പാടില്ല.

 പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍
—————
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ നടപടിക്രമങ്ങള്‍, മെഷീന്‍ തകരാറുകള്‍,  കൃത്യമായ ഇടവേളകളിലെ പോളിംഗ് ശതമാനം മേലുദ്യോഗസ്ഥരെ ഇതിലൂടെ അറിയിക്കാവുന്നതാണ്.

റിട്ടേണിംഗ് ഓഫീസര്‍ എസ്. ശിവപ്രസാദ്, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ ഇ. ദില്‍ഷാദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എന്‍.ആര്‍. വൃന്ദാദേവി, മിഡിയ കമ്യൂണിക്കേഷന്‍ നോഡല്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, തഹസില്‍ദാര്‍ കെ. നവീന്‍ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.