ലോക കേരള സഭാസമ്മേളനത്തിന്റെ ഭാഗമായി 12,13 തീയതികളിൽ 11 വേദികളിൽ കലാവിരുന്ന് അരങ്ങേറും. കൂടിയാട്ടം, ചവിട്ട് നാടകം, പുലികളി, മോഹിനിയാട്ടം, തെയ്യം, പൂപ്പടയാട്ടം-വിളക്ക് കളി, ചവിട്ടൊപ്പന, പടയണി എന്നിവ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന ‘ദൃശ്യാഷ്ടകം’ 12 ന് വൈകിട്ട് 6.30 ന് ഒന്നാം വേദിയായ നിയമസഭാങ്കണത്തിലെ ആർ.ശങ്കരനാരയണൻ തമ്പി ലോഞ്ചിൽ അവതരിപ്പിക്കും, വിവിധ ദേശങ്ങളിലെ വാമൊഴി വഴക്കത്തോടെ ഇവയ്ക്ക് ജീവൻ നൽകുന്നത് നടനും കാരിക്കേച്ചർ ആർട്ടിസ്റ്റുമായ ജയരാജ് വാര്യരാണ്.
രണ്ടാം വേദിയായ നിയമസഭാ കവാടത്തിൽ മലയാളികളുടെ ആദിമ പ്രവാസം എന്ന വിഷയത്തിൽ കാനായി കുഞ്ഞിരാമൻ ഒരുക്കുന്ന ഇൻസ്റ്റലേഷൻ ഉണ്ടാകും. ഓഖി ദുരന്തത്തിൽ വേർപെട്ട സഹോദരങ്ങളുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്ന സ്മൃതിശിൽപ്പവും നിയമസഭാ കവാടത്തിലുണ്ട്.
മൂന്നാം വേദിയായ ഫൈൻ ആർട്‌സ് കോളേജ് ക്യാമ്പസിലെ ചുവരുകൾ എല്ലാം യാത്രയെന്ന വിഷയം കേന്ദ്രീകരിച്ച് ഗ്രഫിറ്റി ആർട്ടുകളാൽ അലംകൃതമാവും. അറേബ്യൻ പ്രവാസം എന്ന വിഷയത്തെ അധികരിച്ചുള്ള ഇൻസ്റ്റലേഷൻ രൂപമാണ് പബ്ലിക് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത. പ്രവാസി മലയാളികൾ ദൂരദേശങ്ങളിൽ നിന്നു ഓർമ്മത്തുണ്ടുകളായി കൊണ്ടു വന്ന വസ്തുക്കളുടെ പ്രദർശനം. ‘പ്രവാസ സ്വരൂപങ്ങൾ’ എന്ന പേരിൽ ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.
അഞ്ചാം വേദിയായ തിരുവനന്തപുരം നഗരസഭയിൽ ദുബായിലെ വെയിൽ വഴികൾ എന്ന പേരിൽ ലൈറ്റ് ആന്റ് സൗണ്ട് ഇൻസ്റ്റലേഷൻ ഷോ നടക്കും.
ആറാം വേദിയായ ടൂറിസം ഓഫീസിൽ സെൽഫി കോർണർ ആണ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ പാസ്‌പോർട്ടുകളുടെ പശ്ചത്തലത്തിൽ സെൽഫി എടുക്കാൻ ഇവിടെ സൗകര്യമുണ്ട്. ഈ സമയം സെൽഫി ദൃശ്യങ്ങൾ എൽ.ഇ.ഡി. വാളിൽ കാണുകയും ചെയ്യാം.
പെറ്റ്‌ഷോ, അക്വേറിയം, ബഹുഭാഷ പുസ്തകമേള, മലയാളം മിഷന്റെ എക്‌സിബിഷനുകളും സ്റ്റാളുകളും, കൈത്തൊഴിൽ പ്രദർശനശാലകൾ, ട്രാൻസ്‌ജെൻഡേഴ്‌സ് സ്റ്റാൾ തുടങ്ങി തൃശ്ശൂർ പൂരം എക്‌സിബിഷനെ അനുസ്മരിപ്പിക്കുന്ന പ്രദർശന വേദിയായി ഈ ദിവസങ്ങളിൽ പബ്ലിക്ക് ഓഫീസ് മാറും. ഏഴാം വേദിയായ പബ്ലിക്ക് ഓഫീസിൽ പ്രവാസം എന്ന ഇൻസ്റ്റലേഷനുമുണ്ടാകും.
മ്യൂസിയം കാമ്പസാണ് എട്ടാം വേദി. രാജാരവിവർമ്മയുടെ അപൂർവ ചിത്രങ്ങളുടെ പ്രദർശനവും, മലയാളിയുടെ ജീവിത സഞ്ചാരങ്ങളെ ഓർമ്മപ്പെടുത്തുന്ന അരകിലോമീറ്റർ ദൈർഘ്യമുള്ള മ്യൂസിയം പ്രദർശനവും ആർക്കിയോളജി ആർക്കൈവ്‌സ് വകുപ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസജീവിതം ആസ്പദമാക്കി പ്രവാസ ഗീതങ്ങളുടെ രംഗവേദി, വാമൊഴി പാട്ടുകൾ, പ്രവാസ കവിതകൾ, ചലച്ചിത്ര ഗാനങ്ങൾ തുടങ്ങിയവ ഇവിടെ ഉണ്ടായിരിക്കും. റിയാസ് കോമുവും സംഘവും ഒരുക്കുന്ന ”എന്ന പോണേ” എന്ന 20 അടി ഉയരമുള്ള ഇൻസ്റ്റലേഷനായിരിക്കും ഒമ്പതാം വേദിയായ കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിൽ.
ചവിട്ടുനാടകം, അറബനമുട്ട്, കോൽകളി, ഭരതനാട്യം, യക്ഷഗാനം, കരഗാട്ടം, മാഥുരി നൃത്ത്, ജിംള, വീർഗാസ തുടങ്ങിയ നൃത്തരൂപങ്ങൾ പത്താം വേദിയായ കനകക്കുന്നിൽ നടക്കും.
പ്രവാസികൾ വരച്ചതും പ്രവാസ ജീവിതം ഇതിവൃത്തമാകുന്നതുമായ ചിത്രങ്ങളുടെ പ്രദർശനം 12ന് കനകക്കുന്ന് കൊട്ടാരത്തിൽ ആരംഭിക്കും.
ലോക കേരള സഭയുടെ സമാപന ദിനമായ 13 ന് വൈകിട്ട് 6.30 ന് പതിനൊന്നാം വേദിയായ നിശാഗന്ധിയിൽ മൾട്ടിമീഡിയ മെഗാഷോ ‘പ്രവാസ മലയാളം’ അരങ്ങേറും. രംഗ കലകൾ, ചിത്രകല, ചലച്ചിത്രം, സംഗീതം, നവസാങ്കേതികത എന്നീ മേഖലകളിലെ 200 ഓളം കലാകാരന്മാരെ അണിനിരത്തി നാടക-ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന മെഗാഷോയും അനന്തപുരിക്ക് ദൃശ്യവിസ്മയം സമ്മാനിക്കും.
സംസ്ഥാന സർക്കാരിനു വേണ്ടി സാംസ്‌കാരിക വകുപ്പിന് കീഴിലെ ഭാരത് ഭവനാണ് സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത്.