പത്തനംതിട്ട: തോമസ് വര്‍ഗീസിന്റെ സ്ഥലത്തിന്റെ റീ സര്‍വേ സംബന്ധിച്ച പരാതിയില്‍ സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വീണ്ടും സര്‍വേ നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
മെഴുവേലി വില്ലേജില്‍ പള്ളിക്കിഴക്കേതില്‍ സെഹിയോണ്‍ വില്ലയിലെ താമസക്കാരനാണ് വിമുക്ത ഭടന്‍ കൂടിയായ തോമസ് വര്‍ഗീസ്. ഭാര്യയായ ദീനാമ വര്‍ഗീസിന്റെ പേരില്‍ 72 സെന്റ് സ്ഥലം ഉണ്ടായിരുന്നു. എന്നാല്‍ സ്ഥലം റീ സര്‍വേ നടത്തിയപ്പോള്‍ 64 സെന്റ് സ്ഥലം ദീനാമ യുടേതും ആറു സെന്റ് സ്ഥലം പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റേയും പഞ്ചായത്ത് പൊതുവഴിയുടെ ഭാഗമാണെന്നും റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് അവകാശപ്പെട്ടു.
എന്നാല്‍ ബാക്കി ആറു സെന്റ് സ്ഥലവും ദീനാമയുടേതാണെന്ന് തോമസും അവകാശപ്പെട്ടു. ഇതേതുടര്‍ന്ന് തോമസ് പലതവണ അപേക്ഷ നല്‍കുകയും റീ സര്‍വേ നടത്തുകയും ചെയ്തു. എന്നാല്‍ റീ സര്‍വേ നടത്തിയത് ശരിയല്ലെന്ന പരാതിയുമായി തോമസ് ഏഴു വര്‍ഷമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങുകയായിരുന്നു. ഇന്നലെ(18) അപേക്ഷയുമായി മിനി സിവില്‍ സ്റ്റേഷനിലെത്തിയ തോമസ് അഡീഷണല്‍ തഹസില്‍ദാരുടെ മുന്‍പിലെത്തി റീ സര്‍വേ ശരിയല്ല എന്നു പറഞ്ഞ് കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തി. വിവരമറിഞ്ഞ് ജില്ലാ ആശുപത്രിയിലെത്തിയ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥരോടും തോമസിനോടും വിവരം ചോദിച്ചറിഞ്ഞാണ് സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി  നടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ചത്.
മുന്നാധാര പ്രകാരം 70 സെന്റ് സ്ഥലമുണ്ടെന്നും റീ സര്‍വേയില്‍ 64 സെന്റ് സ്ഥലം മാത്രമാണുള്ളതെന്നും വഴി കൈയേറിയതിന് തോമസിനെതിരെ അയല്‍വാസിയായ ചേന്നുംകണ്ടത്തില്‍ മണിയമ്മ നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്നും എല്‍.ആര്‍ തഹസില്‍ദാര്‍ കളക്ടറോട് പറഞ്ഞു. റി സര്‍വേ നടക്കുന്നതിന് മുമ്പുതന്നെ തിരുവാഭരണ പാതയ്ക്കായി ദീനാമ്മ വര്‍ഗീസിന്റെ മുന്നാധാരത്തില്‍ നിന്നും  മുന്നാധാര കക്ഷിയില്‍ നിന്നും മാറ്റിയിട്ടുള്ള ഭാഗമാണെന്നും അപേക്ഷകന് 64 സെന്റ് സ്ഥലത്തിന് മാത്രമേ അവകാശമുള്ളുവെന്ന റിപ്പോര്‍ട്ട് തോമസിന് നല്‍കിയിട്ടുണ്ടെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ ബി.ജ്യോതി പറഞ്ഞു.
എല്‍ആര്‍ തഹസില്‍ദാര്‍ കെ സതിയമ്മ, ഹെഡ്ക്വാര്‍ട്ടേഴ്‌സ്  ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ജയദീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഗോപാലകൃഷ്ണപിള്ള, സാം പി തോമസ് തുടങ്ങിയവരും എത്തിയിരുന്നു.