ദേശീയ പാത വികസനം : സ്ഥലമെടുപ്പിന് അന്തിമ വിജ്ഞാപനം ഉടനെന്നു കേന്ദ്രത്തിന്റെ ഉറപ്പ്

ന്യൂഡൽഹി : സംസ്ഥാനത്തെ ദേശീയ പാതാ വികസനം മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പിന് അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നു കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായും മന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയശേഷം കേരള ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ദേശീയ പാതാ വികസനത്തിന് ആവശ്യമായ മുഴുവൻ തുകയും അനുവദിക്കാൻ കേന്ദ്രം തയാറാണെന്നു നിതിൻ ഗഡ്കരി അറിയിച്ചതായി മന്ത്രി സുധാകരൻ പറഞ്ഞു. കാസർകോഡ് – കളിയിക്കാവിള റീച്ചിൽ 600 കിലോമീറ്റർ പാതയാണു വീതികൂട്ടാനുള്ളത്. 30,000 കോടി രൂപയാണ് ഇതിനു പ്രതീക്ഷിക്കുന്ന ചെലവ്. തലപ്പാടി – ചെങ്ങള റീച്ചിൽ 57 കിലോമീറ്റർ, ചെങ്ങള – നീലേശ്വരം ടൗൺ 95 കിലോമീറ്റർ, ചേർത്തല – കഴക്കൂട്ടം 80 കിലോമീറ്റർ എന്നിങ്ങനെയാണ് ഇനി വീതികൂട്ടാനുള്ളത്. ദേശീയപാത വികസനത്തിനു പണം പ്രശ്നമല്ലെന്നും സ്ഥലം ഏറ്റെടുപ്പു വേഗത്തിലാക്കണമെന്നുമാണു കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്. എന്നാൽ ഇതു സംസ്ഥാന സർക്കാറിന്റെ വീഴ്ചയല്ലെന്നും സ്ഥലമേറ്റെടുപ്പിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ ദേശീയപാതാ വികസന അഥോറിറ്റി കാണിക്കുന്ന മെല്ലെപ്പോക്കാണു വൈകലിനു കാരണമെന്നും കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തിലുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ കേന്ദ്ര മന്ത്രി എൻഎച്ച്എഐയ്ക്കു നിർദേശം നൽകിയെന്നും മന്ത്രി സുധാകരൻ പറഞ്ഞു. സ്ഥലമേറ്റെടുപ്പിനു കേരളത്തിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിക്കപ്പെട്ടുകഴിഞ്ഞു. അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ ജില്ലാ കലക്ടർമാർക്ക് സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കാൻ കഴിയൂ. ഇക്കാര്യത്തിൽ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ എൻഎച്ച്എഐ അധികൃതരെ ഉൾപ്പെടുത്തി ഉടൻ സമ്പൂർണ ഉന്നതതല യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വ്യത്യസ്ഥ ഗതാഗത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായി മന്ത്രി പറഞ്ഞു. തലശേരി മാഹി ബൈപാസിന്റെയും കോഴിക്കോട് ബൈപാസിന്റെയും നിർമാണം ഉടൻ തുടങ്ങും. നിർമാണോദ്ഘാടനത്തിനു കേന്ദ്ര മന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. ദേശീയപാതയിൽ നീലേശ്വരം റെയിൽവേ മേൽപ്പാലം, കഴക്കൂട്ടം മേൽപ്പാലം എന്നിവയുടെ നിർമാണം സ്റ്റാൻഡ് എലോണായി നടപ്പാക്കുന്നതിന് അംഗീകാരം നൽകി. മൂറാട് പാലം, പാലൊളി പാലം എന്നിവയും സ്റ്റാൻഡ് എലോണായി നിർമിക്കുന്നകാര്യം തത്വത്തിൽ അംഗീകരിച്ചു. തിരുവനന്തപുരം വിമാനത്താവള റാമ്പ് പുനർ നിർമാണത്തിനു സംസ്ഥാനത്തിന്റെ 50 ശതമാനം വിഹിതം നൽകാമെന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയകാര്യം കൂടിക്കാഴ്ചയിൽ മന്ത്രി സുധാകരൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യവും പരിഗണിക്കാമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകി. സംസ്ഥാനത്ത് 1200 കിലോമീറ്റർ മലയോര ഹൈവേ, 660 കിലോമീറ്റർ തീരദേശ ഹൈവേ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 10,000 കോടി രൂപ ചെലവു കണക്കാക്കിയിട്ടുള്ള ഈ പദ്ധതിക്കു കിഫ്ബി വഴിയാണു പണം കണ്ടെത്തുന്നത്. ഇതിനു സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നു കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. മലയോരത്ത് 12 മീറ്ററും തീരദേശത്ത് എട്ടു മീറ്ററുമാണു പാതകൾക്കു വീതി നിശ്ചിയിച്ചിരിക്കുന്നത്. ദേശീയപാതയ്ക്ക് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കു പുറത്താണ് ഇത്. കേന്ദ്ര മാനദണ്ഡങ്ങൾ പരിഗണിച്ചു പദ്ധതി രേഖ സമർപ്പിച്ചാൽ കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചെന്നു മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ സാഗരമാല, ഭാരത്മാല പദ്ധതി പ്രകാരം കേരളവുമായി ബന്ധപ്പെടുത്തി 11,000 കിലോമീറ്റർ റോഡ് പദ്ധതികൾ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ 20 ശതമാനം മാത്രമേ കേരളത്തിലൂടെ കടന്നുപോകുന്നുള്ളൂ. ഇതു തുലോം കുറവാണെന്നും സംസ്ഥാനത്തിനു കൂടുതൽ പങ്കാളിത്തം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വയനാട് ചുരത്തിലെ 161 കിലോമീറ്റർ മലയാര പാതയുടെ വീതി കൂട്ടുന്നതിന് 67 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചു വനം മന്ത്രാലയത്തിന്റെ മേഖലാ വിഭാഗം പറയുന്ന തടസങ്ങൾ ഉടൻ നീക്കുമെന്നു വനം – പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു ലഭിച്ചു. വാർഷിക പദ്ധതി പ്രകാരം സംസ്ഥാനത്തെ റോഡ് പദ്ധതികൾക്ക് അനുവദിച്ചിട്ടുള്ള 360 കോടി രൂപ ഉടൻ പൂർണമായി അനുവദിക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകി. സംസ്ഥാനത്തെ 44 റോഡ് പദ്ധതികൾക്കായി കഴിഞ്ഞ 20 മാസത്തിനിടെ 615 കോടി രൂപയുടെ കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടെന്നും ഇതിന് ഉപരിതല ഗതാഗത മന്ത്രിയോട് നന്ദി അറിയിച്ചതായും മന്ത്രി സുധാകരൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവുവും മന്ത്രിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു.