ന്യൂഡൽഹി : കേരള ഹൗസ് സ്റ്റാഫ് ക്വാർട്ടേഴ്സുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഉടൻ പദ്ധതി രേഖ തയാറാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ക്വാർട്ടേഴ്സുകളുടെ കാലപ്പഴക്കവും ശോച്യാവസ്ഥയും നേരിൽ മനസിലാക്കാൻ മന്ത്രി 17ന് കേരള ഹൗസിലെയും ട്രാവൻകൂർ പാലസ് വളപ്പിലെയും കപൂർത്തല പ്ലോട്ടിലെയും സ്റ്റാഫ് ക്വാർട്ടേഴ്സുകൾ സന്ദർശിക്കും. കേരള ഹൗസ് റസിഡന്റ് കമ്മിഷണർ ഡോ. വിശ്വാസ് മേത്ത, അഡീഷണൽ റസിഡന്റ് കമ്മിഷണർ പുനീത് കുമാർ എന്നിവർ മന്ത്രിയെക്കണ്ടു സ്റ്റാഫ് ക്വാർട്ടേഴ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്തിരുന്നു. നിർമാണത്തിനുള്ള ടെൻഡർ നടപടികൾ കേരളത്തിൽത്തന്നെ ചെയ്യുന്നതാണ് നവീകരണ പ്രവർത്തനങ്ങൾക്കു കാലതാമസമുണ്ടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതു പരിഹരിക്കുന്നതിനായി കേരളത്തിലേതിനൊപ്പം ഡൽഹിയിലും നിർമാണ ജോലികൾ ടെൻഡർ ചെയ്യണം. കരാറുകാരുടെ പങ്കാളിത്തം കൂടുന്നതനുസരിച്ച് പദ്ധതികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.