സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തീരദേശ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ നാലിന് തുടക്കമാകും. വൈകീട്ട് നാല് മണിക്ക് ബീച്ചില്‍ നടക്കുന്ന പരിപാടി എ.പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയാവും.

സ്‌പോര്‍ട്‌സിലൂടെ ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതിനും തീരദേശവാസികളില്‍ കായികസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വടംവലി, കബഡി, വോളിബോള്‍, ഫുട്‌ബോള്‍ എന്നീ ഇനങ്ങളില്‍ ജില്ലാതല മത്സരവും വടംവലിയില്‍ സംസ്ഥാന തലമത്സരവുമാണ് നടത്തുന്നത്. രാവിലെ എട്ട് മണിമുതല്‍ കോഴിക്കോട്, പുതിയാപ്പ ബീച്ചുകള്‍ കേന്ദീകരിച്ചാണ് മത്സരങ്ങള്‍ നടത്തുക.

ബീച്ച് ഗെയിംസിനോടനുബന്ധിച്ച് കളരിപ്പയറ്റ്, കരാട്ടേ, വുഷു പ്രദര്‍ശന മത്സരവും ഉണ്ടാകും. സമാപനം ഏഴിന് വൈകീട്ട് ഏഴ് മണിക്ക് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘാടകര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാകലക്ടര്‍ സീറാംസാബശിവ റാവു പരിപാടി വിശദീകരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ.രാജഗോപാല്‍, സെക്രട്ടറി എസ് സുലൈമാന്‍, വൈസ് പ്രസി. റോയ് ജോണ്‍, മെമ്പര്‍മാരായ ടി.എം അബ്ദുറഹ്മാന്‍, ദില്‍ന തുടങ്ങിയവര്‍ പങ്കെടുത്തു.