തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ അര്‍ലണ്ടിലെ പ്രമുഖ സാമൂഹിക സംഘടനയായ ക്രാന്തി ആദരിച്ചു. ഡബ്ലിനില്‍ നടന്ന ചടങ്ങില്‍ ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നേഹ ക്രാന്തിയുടെ പുരസ്‌കാരം മന്ത്രിയ്ക്ക് സമ്മാനിച്ചു.

അയര്‍ലണ്ട് ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ചകളില്‍ കേരളത്തില്‍ നിന്നും കൂടുതല്‍ നഴ്‌സുമാര്‍ക്ക് ജോലി സാധ്യത ചര്‍ച്ച ചെയ്തതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ ഗവേഷണ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കാനുള്ള സാധ്യതകളും ചര്‍ച്ചയായി. ഇന്ത്യയില്‍ നിന്ന് ആയര്‍ലണ്ടിലെത്തുന്ന ജനറല്‍ നഴ്‌സുമാരുടെ ജീവിത പങ്കാളികള്‍ക്കും എളുപ്പത്തില്‍ ജോലി നേടാനുള്ള വിസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐറിഷ് ഗവര്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റിയില്‍ ആയുഷ് യോഗയുടെ ചെയര്‍ നേടിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയിലെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്രാന്തി തയാറാക്കിയ ഷോര്‍ട്ട് ഫിലിം സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഡോ. സുരേഷ് സി പിള്ള, ഡോ. ഷേര്‍ലി ജോര്‍ജ്, ഡോ. സുജ സോമനാഥന്‍, മോട്ടോ വര്‍ഗീസ്, ബിനില കുര്യന്‍, ബിനിമോള്‍ സന്തോഷ്, മിനി മോബി, മനു മാത്യു, വിജയാനന്ദ് ശിവാനന്ദന്‍ എന്നിവര്‍ക്കുള്ള ക്രാന്തിയുടെ മെമെന്റോകള്‍ മന്ത്രി സമ്മാനിച്ചു.

ക്രാന്തി പ്രസിഡന്റ് എ.കെ. ഷിനിത്, ലോക കേരള സഭാംഗവും ക്രാന്തി സെക്രട്ടറിയുമായ അഭിലാഷ് തോമസ്, ക്രാന്തി വൈസ് പ്രസിഡന്റ് പ്രീതി മനോജ് എന്നിവര്‍ സംസാരിച്ചു.