ആലപ്പുഴ: കയർ, കയർ ഉൽപ്പന്നങ്ങളുടെ ഉയർന്നുവരുന്ന ഉപയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം ശക്തമാക്കിയാൽ മാത്രമേ കയര്‍ വൈവിധ്യവൽക്കരണം വിജയിക്കൂവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കയര്‍ കേരളയുടെ എട്ടാം പതിപ്പ് ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ നാഷണൽ കയർ റിസർച്ച് & മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ ഈ ദിശയിൽ പ്രവർത്തിക്കുന്നുണ്ട്.എന്നാൽ അത്തരം പ്രവർത്തനങ്ങൾ നമ്മുടെ സർവ്വകലാശാലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്, അതിലൂടെ കൂടുതൽ ആളുകൾ ആശയങ്ങളുമായി മുന്നോട്ട് വരും. അത്തരമൊരു സംരംഭം കേരളത്തിൽ നിന്നുതന്നെ വരണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 2015ല്‍ 7000ടണ്‍ മാത്രമായിരുന്ന കയര്‍ ഉത്പ്പാദനം ഇന്ന് 20,000 ടണ്ണിലേക്ക് ഉയര്‍ന്നിരിക്കുന്നു. അടുത്ത വര്‍ഷം ഇത് 40,000 ടണ്ണായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന് പൂര്‍ണ പിന്തുണ നല്‍കി കേരളത്തിലെ കയര്‍വകുപ്പ് മുന്നോട്ട് പോവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

യന്ത്രവത്കരണത്തിന് ഈ മേഖലയില്‍ വളരെ പ്രാധാന്യമുണ്ട്. കയര്‍ രണ്ടാം പുനരൂജ്ജീവന പാക്കേജിലൂടെ കയര്‍ മേഖലയില്‍ ആധുനികവത്കരണം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. റോഡ് നിർമ്മാണം, മണ്ണൊലിപ്പ് നിയന്ത്രണം തുടങ്ങിയ വിവിധ ഉപയോഗങ്ങള്‍ക്ക് കയർ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഏജൻസികൾ ഇതിനകം സമ്മതിച്ചിട്ടുണ്ട്.കയർ ഭൂവസ്ത്രത്തിന്‍റെ ഉൽ‌പാദനം വർദ്ധിപ്പിച്ചുകൊണ്ട് റോഡ് നിർമ്മാണത്തിൽ ഇത് കൂടുതലായി വിനിയോഗിക്കാൻ കയർ വ്യവസായത്തെ സജ്ജമാക്കേണ്ടതുണ്ട്.

പ്ലാസ്റ്റിക്കിന് ബദലായി പരിസ്ഥിതി സൗഹാർദ്ദപരവും മൃദുവായതുമായ ചകിരിയെ പരുവപ്പെടുത്തുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു. കയര്‍
കേരളയിലെ അന്താരാഷ്ട്ര പങ്കാളിത്തം ആഗോള ഇടപെടലുകളും സഹകരണത്തിനുള്ള വഴികളും പുതിയ ഉൽ‌പ്പന്നങ്ങളെക്കുറിച്ചുള്ള ആശയങ്ങളും സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് അധ്യക്ഷത വഹിച്ചു. രണ്ടാം കയര്‍ പുനഃസംഘടനയുടെ പ്രധാനപ്പെട്ട ഊന്നല്‍ ചകിരി ഉത്പ്പാദനത്തിലാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 120ചകിരി മില്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഇത് 300 ആക്കാനാണ് ലക്ഷ്യമിടുന്നത്.
അന്തര്‍ദേശീയ പവലിയന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. കയര്‍ ജിയോടെക്സറ്റൈല്‍സ് റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചതും
കയര്‍ വൈവിധ്യവത്കരണവും കയര്‍ മേഖലയുടെ ഉന്നമനത്തിന് സഹായിച്ചതായി സുധാകരന്‍ പറഞ്ഞു. ആഭ്യന്തര പവലിയന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി
പി. തിലോത്തമന്‍ നിര്‍വഹിച്ചു. ആഭ്യന്തര വിദേശ കമ്പോളത്തെ കയര്‍ മേഖലയ്ക്ക് പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
കയര്‍ സെക്രട്ടറി പി. വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യു. പ്രതിഭ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, കയര്‍ കൊര്‍പ്പറേഷന്‍ ചെയര്‍മാന്‍
ടി.കെ. ദേവകുമാര്‍, കയര്‍ വകുപ്പ് ഡയറക്ടര്‍ പദ്മകുമാര്‍, നഗരസഭാംഗം ഡി. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.