പാലക്കാട്: ലോക മണ്ണ് ദിനാചരണം ജില്ലാതല ഉദ്ഘാടനം  അമ്പലപ്പാറ പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ പി ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. പ്രകൃതി സംരക്ഷണത്തിനായി സര്‍ക്കാര്‍ പുതിയ സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും എന്നാല്‍  ഉത്തരവാദിത്ത്വം സര്‍ക്കാരില്‍ മാത്രം ഒതുക്കാതെ ഓരോരുത്തരും പ്രകൃതി സംരക്ഷണത്തിന്റെ പ്രചാരകരാകണമെന്നും  എം. എല്‍. എ പറഞ്ഞു.

പുത്തന്‍ പരിഷ്‌കാരങ്ങള്‍ പ്രകൃതിക്ക് ഒരുപാട് പരിക്കേല്‍പ്പിച്ചിട്ടുണ്ട്.  എന്നാല്‍ പ്രകൃതി സംരക്ഷണം ജീവന്റെ സംരക്ഷണമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍ അധ്യക്ഷനായി.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .കെ കുഞ്ഞന്‍ മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും  കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡും  എം.എല്‍.എ വിതരണം ചെയ്തു.

‘മണ്ണ് ജലസംരക്ഷണം സമകാലിക പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തില്‍ ആലത്തൂര്‍ മണ്ണ് സംരക്ഷണ ഓഫീസര്‍ വിജയകുമാര്‍ ക്ലാസ്സെടുത്തു. മണ്ണ് ജല സംരക്ഷണ മാര്‍ഗങ്ങള്‍ സംബന്ധിച്ചും കുന്നുകള്‍ നിരത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നത് സംബന്ധിച്ചും ക്ലാസ്സില്‍ വിശദീകരിച്ചു. രണ്ട് കുന്നുകള്‍ക്കിടയിലൂടെ ചാല്‍ ഒഴുകുന്ന ഭാഗങ്ങളോട് ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് സൗജന്യ മണ്ണ് പരിശോധനയും സംഘടിപ്പിച്ചു.

പാലക്കാട് മണ്ണ് പര്യവേഷണം അസിസ്റ്റന്റ് ഡയറക്ടര്‍ വി വി റീന, ഒറ്റപ്പാലം കൃഷി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എ സി ആശാനാഥ്, അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ ശാന്തകുമാരി, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.