പുല്ലു വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയില്‍ കസേരയും കട്ടിലും തൊട്ട് പാത്ര സ്റ്റാന്‍ഡും പെന്‍ ഹോള്‍ഡറും വരെ തീര്‍ത്ത് വയനാട്, കാസര്‍കോഡ്, പാലക്കാട് ജില്ലകളുടെ 10-ഓളം സ്റ്റാളുകള്‍ മലബാര്‍ ക്രാഫ്റ്റ് മേളയില്‍ വേറിട്ട് നില്‍ക്കുന്നു, അയല്‍സംസ്ഥാനങ്ങളില്‍ നിന്നുളള കരകൗശല വൈദഗ്ദ്യത്തോടൊപ്പം തന്നെ ഈ മുളങ്കുട്ടങ്ങള്‍ കാണികളുടെ മനംകവരുകയാണ്. പുട്ട് കുറ്റി, ചട്ടുകം, പപ്പടം കുത്തി, പൂവട്ടി, കളിക്കോപ്പുകള്‍, കര്‍ട്ടനുകള്‍, ഓടക്കുഴല്‍, മൊബൈല്‍ ആംപ്ലഫയര്‍, റാന്തലുകള്‍, ചെടിചട്ടികള്‍, ഊഞ്ഞാല്‍, , കുട്ട, മുറം, പാത്രങ്ങള്‍ എന്നിങ്ങനെ നീളുന്നു മുള ഉത്പന്നങ്ങളുടെ നിര. ബാംബു കോര്‍പ്പറേഷന്‍, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് കൂടുതലായും പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 20 മുതല്‍ 5000 വരെ വിലയുളള മുള ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിനുളളത്.