അംബേദ്കര്‍ സമഗ്ര കോളനി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

അട്ടപ്പാടി മാതൃകയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ അപ്പാരല്‍പാര്‍ക്ക് പോലുള്ള തൊഴില്‍  യൂണിറ്റുകള്‍ വയനാട്ടിലും പരിഗണിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. തൃശ്ശിലേരി ചേക്കാട്ട് കോളനിയില്‍ അംബേദ്കര്‍ സമഗ്ര കോളനി വികസനം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. ആദിവാസി ക്ഷേമത്തിന് സമഗ്രമായ പദ്ധതികളാണ് സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നടപ്പാക്കുന്നത്. മാനന്തവാടി ട്രൈബല്‍ ഓഫീസിന് കീഴില്‍ വരുന്ന  എട്ടു കോളനികളാണ് ആദ്യ ഘട്ടത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത്.

ഒരു കോടി രൂപ വീതം വകയിരുത്തിയാണ്  ഓരോ കോളനികളിലും  എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നത്. ജില്ലയില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോളനികളാണ് ഉയരുക.   നിലിവില്‍ തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ മാത്രമാണ് കോളനികളിലുള്ള ആദിവാസികള്‍ക്ക് ആശ്രയം. ഇതില്‍ നിന്നും വ്യത്യസ്തമായി വിവിധ തൊഴില്‍ മേഖലകളില്‍ പ്രത്യേക പരിശീലനം നല്‍കി ഇവര്‍ക്കായി കൂടുതല്‍ അവസരം ഒരുക്കും. മികവുറ്റ രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നതിന് അവസരം ഒരുക്കും.
വിസ, പാസ്‌പോര്‍ട്ട്, വിമാന ടിക്കറ്റ് ചാര്‍ജ്ജ് തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ വഹിക്കും. സൊസൈറ്റികള്‍ രൂപവത്കരിച്ച് പ്രാദേശികമായ തൊഴില്‍ സംരംഭങ്ങളും ഗോത്ര വിഭാഗങ്ങള്‍ക്കായി ഒരുക്കും.കോളനികളുടെ ശോചനീയാവസ്ഥകള്‍ മാറുന്നത് ഇവരുടെ ജീവിതക്രമങ്ങളെയും മാറ്റും. ഭൂമിവിതരണം വീടുകളുടെ നിര്‍മ്മാണം എന്നിവയിലടക്കം വലിയ മുന്നേറ്റമാണ് നടക്കുന്നത്.  സുസ്ഥിരമായ വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും പിന്തുണ വേണമെന്നും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മായദേവി, പി.വി.ബാലകൃഷ്ണന്‍, കെ.അനന്തന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  ഐ.റ്റി.ഡി.പി. ഓഫീസര്‍ കെ.സി.ചെറിയാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഊരുമൂപ്പത്തി വെള്ളമ്മ ചേക്കാട്ട് മന്ത്രി എ.കെ.ബാലന് ഉപഹാരം നല്‍കി.
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഒരു സ്വര്‍ണ്ണം, ഒരു വെളളി 2 വെങ്കലം മെഡലുകള്‍  നേടിയ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അമ്മാനി കോളനിയിലെ എ.ബി വിമലിനെ ചടങ്ങില്‍ ആദരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട്ട്, കൈതവള്ളി, പുഴവയല്‍ കോളനികള്‍ വെള്ളമുണ്ട പഞ്ചായത്തിലെ പടക്കോട്ടുകുന്ന്, പുറവഞ്ചേരി- കാക്കഞ്ചേരി കോളനികള്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ പാലിയണ, വീട്ടിയാമ്പറ്റ, കുന്നിയോട് എന്നീ കോളനികളാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ വരുന്നത്.