നിശാഗന്ധി നൃത്തോത്‌സവം കലയോടും കലാകാരന്‍മാരോടുമുള്ള കേരളത്തിന്റെ സമര്‍പ്പണം വ്യക്തമാക്കുന്നതാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. നിശാഗന്ധി നൃത്തോത്‌സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കലാകാരന്‍മാരോടുള്ള കേരളത്തിന്റെ ആദരമാണ് നിശാഗന്ധി പുരസ്‌കാരം. കൊണാര്‍ക്ക്, ഖജുരാഹോ നൃത്തോത്‌സവത്തിന് സമാനമായ കേരളത്തിന്റെ നൃത്തോത്‌സവമാണ് നിശാഗന്ധി. നിശാഗന്ധി നൃത്തോത്‌സവത്തിലൂടെ ഇന്ത്യയിലെ മികച്ച കലാകാരന്‍മാര്‍ കേരളത്തിലെത്തുന്നു. ലോകമെമ്പാടും വിനോദസഞ്ചാരത്തെ പ്രോത്‌സാഹിപ്പിക്കുന്നതിന് കലാരൂപങ്ങളെയും കലാപരിപാടികളെയും ഉപയോഗിക്കുന്നുണ്ട്. ഇത് കലാകാരന്‍മാര്‍ക്കും പ്രയോജനകരമാണ്. കേരളത്തില്‍ ടൂറിസം വകുപ്പ് നിശാഗന്ധി നൃത്തോത്‌സവം സംഘടിപ്പിച്ചതിലൂടെ മികച്ച മാതൃകയാണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ കേരളത്തിലെ ശാസ്ത്രീയ കലാകാരന്‍മാര്‍ക്ക് നിരവധി അവസരം ലഭിക്കുന്നു. കേരളത്തിലെ നാടന്‍കലാരൂപങ്ങളെയും കലാകാരന്‍മാരെയും സഹായിക്കുന്നതിനും പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിശാഗന്ധി പുരസ്‌കാരത്തിന് പ്രശസ്ത ഭരതനാട്യം നര്‍ത്തകരായ വി.പി. ധനഞ്ജയനെയും ശാന്താ ധനഞ്ജയനെയും തിരഞ്ഞെടുത്ത ജൂറിയെയും ടൂറിസം വകുപ്പിനെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. കേരളത്തിലെ ജനതയുടെ സ്‌നേഹവും ആദരവും അഭിനന്ദനവും അടങ്ങിയ പുരസ്‌കാരമാണിതെന്ന് ധനഞ്ജയ ദമ്പതികള്‍ക്ക് നിശാഗന്ധി പുരസ്‌കാരം സമ്മാനിച്ചു കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.
നിശാഗന്ധി നൃത്തോത്‌സവത്തിന് സമാനമായി സംഗീതാസ്വാദകര്‍ക്കായി കഴിഞ്ഞ വര്‍ഷം മുതല്‍ മണ്‍സൂണ്‍ രാഗ എന്ന പരിപാടി ടൂറിസം വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മണ്‍സൂണ്‍ രാഗ ഇക്കൊല്ലവും നടത്തും. നിശാഗന്ധി പുരസ്‌കാരത്തിന്റെ മാതൃകയില്‍ സംഗീതജ്ഞരെ ആദരിക്കുന്നതിന് മണ്‍സൂണ്‍ രാഗയുടെ ഭാഗമായി ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തും. തലസ്ഥാനത്തെ നൃത്ത വിദ്യാര്‍ത്ഥികള്‍ക്ക് യഥാര്‍ത്ഥ നൃത്തം മനസിലാക്കാനും പ്രശസ്തരായ നര്‍ത്തകരെ അടുത്തറിയാനും നിശാഗന്ധി നൃത്തോത്‌സവം പ്രയോജനപ്പെടുത്താന്‍ കുട്ടികളും രക്ഷിതാക്കളും തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നും നിശാഗന്ധി പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് വി. പി. ധനഞ്ജയന്‍ പറഞ്ഞു. മോഹിനിയാട്ടത്തോടെയായിരുന്നു ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. നിലവിളക്കിനു പകരം നര്‍ത്തകിമാരുടെ കൈകളിലെ താലത്തില്‍ തിരി തെളിയിച്ചാണ് ഗവര്‍ണര്‍ നൃത്തോത്സവത്തിന് തുടക്കം കുറിച്ചത്. കെ. മുരളീധരന്‍ എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, കൗണ്‍സിലര്‍ പാളയം രാജന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍ എന്നിവര്‍ സംസാരിച്ചു.
പി.എന്‍.എക്‌സ്.251/18