കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതബാധിതമായ ചെല്ലാനം മേഖലയില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബും കടല്‍ഭിത്തിയും സ്ഥാപിക്കുന്നതടക്കമുള്ള പ്രതിരോധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ജില്ലാ ഭരണകൂടം ജലവിഭവ വകുപ്പ് മുഖേന സമര്‍പ്പിച്ച എട്ടു കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കാണ് അനുമതിയായത്. ഈ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. വേളാങ്കണ്ണിപ്പള്ളി, ബസാര്‍, കമ്പനിപ്പടി, ചെറിയകടവ്, വാച്ചാക്കല്‍ എന്നീ ഭാഗങ്ങളിലാണ് കടല്‍ഭിത്തിയുടെ പുനഃനിര്‍മാണം ജിയോ ടെക്‌സ്റ്റൈല്‍ ട്യൂബ് അടക്കമുള്ള സാങ്കേതികമാര്‍ഗങ്ങള്‍ അവലംബിച്ച് പൂര്‍ത്തീകരിക്കുക. സാങ്കേതികാനുമതിക്കുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജലവിഭവ വകുപ്പിന് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ പറഞ്ഞു.