കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) പ്രവത്തനം സുഗമമാക്കുന്നതിന് സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്.എച്ച്.എ) രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി 33 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉത്തരവാദിത്തമുള്ള നോഡല്‍ ഏജന്‍സിയായിരിക്കും സംസ്ഥാന ആരോഗ്യ ഏജന്‍സി. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ദൈനംദിനമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ ഏജന്‍സിയായിരിക്കും. കുടംബാംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കല്‍, അതിന്റെ സ്ഥിരീകരണം, മൂല്യനിര്‍ണയം, പദ്ധതിയുടെ നിരീക്ഷണം എന്നിവ നടത്തേണ്ടത് ഈ ആരോഗ്യ ഏജന്‍സിയാണെന്നും മന്ത്രി വ്യക്തമാക്കി.

അര്‍ഹരായ ഗുണഭോക്താക്കളെ അംഗങ്ങളാക്കുക, പദ്ധതിയില്‍ ആശുപത്രികളുടെ എംപാനല്‍മെന്റ്, ടെണ്ടറിലൂടെ ഇന്‍ഷുറന്‍സ് കമ്പനിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കല്‍, ആരോഗ്യ സംരക്ഷണ ദാതാക്കള്‍ നല്‍കുന്ന സേവനങ്ങളുടെ നിരീക്ഷണം, ആശുപത്രി ക്ലെയിമുകളുടെ അഡ്മിനിസ്‌ട്രേഷന്‍, പാക്കേജ് നിരക്കുകളുടെ പുനരവലോകനം, ലിസ്റ്റുചെയ്ത ചികിത്സകള്‍ക്കായി ചികിത്സാ പ്രോട്ടോക്കോളുകള്‍ സ്വീകരിക്കുക, ആവശ്യമുള്ളപ്പോള്‍ ദേശീയ ആരോഗ്യ ഏജന്‍സിയുമായി കൂടിയാലോചിച്ച് പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, പരാതി പരിഹാര നടപടികള്‍ സ്വീകരിക്കുക, ജില്ലകളിലെ പദ്ധതികളുടെ പരിശോധന, ആനുകാലിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക, പൊതുജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധമായ ബോധവല്‍ക്കരണം എന്നിവയാണ് സംസ്ഥാന ആരോഗ്യ ഏജന്‍സിയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍.

സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഫലപ്രദമായാണ് നടപ്പിലാക്കി വരുന്നത്. ഒരു കുടുംബത്തിന് ഓരോ വര്‍ഷവും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ മുഖാന്തിരം കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ നല്‍കുന്നത്. ഇതുവരെ 42 ലക്ഷത്തോളം കുടുംബങ്ങളെ പദ്ധതിയില്‍ ചേര്‍ക്കാനായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.