ദേശീയ യുവജനദിനം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

സര്‍ക്കാര്‍ ആശുപത്രികളില്‍ മിനി ജിമ്മുകളും യോഗ സെന്ററുകളും ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ദേശീയ യുവജനദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതൊരു ചെറിയ കാര്യത്തിനും ആശുപത്രിയെ ആശ്രയിക്കുന്നവരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായ വ്യായാമമില്ലാത്തതാണ് ഇതിന് കാരണം. വ്യായാമ ശീലം ഉറപ്പാകുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്. പകര്‍ച്ചവ്യാധികളാണ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.  ശുചീകരണമടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ബഹുജന പങ്കാളിത്തം കൂടി ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ആഹാരം ഒരുപാട് കഴിച്ചാല്‍ ആരോഗ്യമുണ്ടാകുമെന്ന ധാരണ ഇപ്പോഴും മലയാളികള്‍ വച്ച് പുലര്‍ത്തുന്നുണ്ട്. കഴിക്കുന്ന അളവിലല്ല ഭക്ഷണത്തിലാണ് കാര്യം എന്ന് നാം മനസിലാക്കണം. ആഹാര ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാതൃക ആഹാര പ്ലേറ്റ് ആര്‍ദ്രം പദ്ധതി വഴി അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും എയ്ഡ്‌സ് പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള അനുമോദനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

തുറമുഖ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കോര്‍പ്പറേഷന്‍ നഗരാസൂത്രണ ചെയര്‍പേഴ്‌സണ്‍ സി സീനത്ത്, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ നാരായണ നായക്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ ഇ മോഹനന്‍, ഡോ എം കെ ഷാജ്, ഡോ എം പ്രീത, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ പി എം ജ്യോതി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ കെ വി ലതികേഷ്, ആര്‍ദ്രം മിഷന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ സി സച്ചിന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ്,എന്‍വൈകെ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അഭയ് ശങ്കര്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, കെഎസ്എസിഎസ് പ്രൊജക്ട് ഡയറക്ടര്‍ ഡോ ആര്‍ രമേഷ്, ജില്ല ടിബി ആന്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ ജി അശ്വിന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ഭാഗമായി ഫ്‌ളാഷ് മോബ്, പ്രസംഗ മത്സരം, രക്തദാന ക്യാമ്പ്, സൈക്കിള്‍ റാലി തുടങ്ങിയവയും നടന്നു.