അല്ലാത്തവരെ അറസ്റ്റ് ചെയ്യും
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനം ജന ജാഗ്രതാ സമിതികളുടെ കീഴില്‍ മാത്രമായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. വാര്‍ഡ്തലത്തിലുള്ള ഇത്തരം സമിതികളുടെ കീഴിലല്ലാതെ സ്വന്തമായി സന്നദ്ധപ്രവര്‍ത്തനവുമായി ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. കളക്ടറേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വാര്‍ഡിലും സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. അവര്‍ക്ക് മത-ജാതി-രാഷ്ട്രീയ സംഘടനകളുടെ നിറമുണ്ടാകാന്‍ പാടില്ല. ആവശ്യമുള്ള സന്നദ്ധപ്രവര്‍ത്തകരെ ജന ജാഗ്രതാ സമിതി തീരുമാനിക്കും. വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ബൈക്കുള്ളവരെയും ആവശ്യമായി വരും. ഇവര്‍ക്കുള്ള പാസ് കളക്ടറേറ്റില്‍ നിന്നും ലഭ്യമാക്കും. ഇതല്ലാതെ അനധികൃതമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഡിഎംഒ ഡോ. എ വി രാംദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. മനോജ് സംബന്ധിച്ചു.
സാമ്പിള്‍ പരിശോധന ഇനി പിഎച്ച്സി നിര്‍ദേശ പ്രകാരം
ജില്ലയില്‍ കൊറോണ പരിശോധനയ്ക്ക് പിഎച്ച്സികളില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗികളില്‍ നിന്നും മാത്രമേ ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും സാമ്പിള്‍ ശേഖരിക്കുകയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായിരിക്കും പിഎച്ച്സികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുക. പി.എച്ച്്.സികളുടെ പരിധിയിലുള്ളവര്‍ അതാത് പിഎച്ച്‌സി കളെ മാത്രം ആശ്രയിക്കണം. നഗരസഭാ പരിധിയിലുള്ളവര്‍ ജില്ലാ, ജനറല്‍ ആശുപത്രികളെയാണ് ആശ്രയിക്കേണ്ടത്.
ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനം
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ നടപടിയായിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ആശുപത്രിയില്‍ കോവിഡ്-19 പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പുതിയ അഡീഷ്ണല്‍ സൂപ്രണ്ട്് ചുമതലയേറ്റിട്ടുണ്ടെന്നും കളകര്‍ പറഞ്ഞു. ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റ്ിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്‌സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. നിയമനിര്‍വഹണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആഹാര ലഭ്യത ഉറപ്പ് വരുത്തല്‍, വില നിയന്ത്രണം, കോവിഡ്-19 സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും ഫോളോ അപ്പ് തുടങ്ങിയ കാര്യങ്ങള്‍ കാര്യക്ഷമമായി നടന്നുവരികയാണെന്നും കളക്ടര്‍ അറിയിച്ചു.
തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു: ഡിഎംഒ
കൊറോണ പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഡിഎംഒ ഡോ. എ വി രാംദാസ് പറഞ്ഞു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് 45 പോസിറ്റീവ് കേസുകളില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഒരാള്‍ക്കു മാത്രമാണ് നിലവില്‍ നെഗറ്റീവ് ആയി മാറിയിട്ടുള്ളത്. മൂന്ന് ടെസ്റ്റുകള്‍ നെഗറ്റീവ് ആയാല്‍ മാത്രമേ നെഗറ്റീവ് ആയി പരിഗണിക്കുകയുള്ളു. ഇങ്ങനെ മൂന്നും നെഗറ്റീവ് ആയാല്‍ വീണ്ടും റൂം ക്വാറന്റൈന്‍ പാലിക്കണം. ഇതല്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ അവഗണിക്കണമെന്ന് ഡിഎംഒ പറഞ്ഞു.
സമ്പര്‍ക്കത്തില്‍ കൊറോണ പകര്‍ന്നത് നാല് പേര്‍ക്ക് മാത്രം
ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 44 പേരില്‍ 40 പേരും വിദേശത്ത് നിന്നുമെത്തിയവരാണ്. ആകെ നാല്് പേര്‍ക്കുമാത്രമാണ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ നാലു പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയില്ലെന്ന് ഡിഎംഒ. അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരും സംശയിക്കുന്നവരും നിരീക്ഷണത്തിലാണ്. രോഗം ഭേദമായവര്‍ നിര്‍ബന്ധമായും 28 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണത്തിലുള്ളവര്‍ക്ക് 14 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് രോഗം സ്ഥിരീകരിക്കും.
ഇന്‍സിഡന്റ് കമാന്‍ഡേഴ്സിനെ നിയമിച്ചു
ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം ജില്ലയില്‍ ഇന്‍സിഡന്റ് കമാന്‍ഡേഴ്സിനെ നിയമിച്ചു. ജില്ലയിലെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് വിവിധ പ്രദേശങ്ങള്‍ തിരിച്ച് ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിയമിച്ചത്. അടിയന്തര യാത്രകള്‍ക്കുള്ള പാസുകള്‍ ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും വിതരണം ചെയ്യുക.  ഇന്‍സിഡന്റ് കമാന്‍ഡേഴ്സിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രദേശത്തെയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. എഡിഎം-ജില്ലാ ചുമതല, സബ് കളക്ടര്‍-കാഞ്ഞങ്ങാട് സബ് ഡിവിഷന്‍, ആര്‍ഡിഒ-കാസര്‍കോട് സബ് ഡിവിഷന്‍, തഹസില്‍ദാര്‍മാര്‍ അതത് താലൂക്കുകള്‍ എന്നിങ്ങനെയാണ് ചുമതലകള്‍ നല്‍കിയത്. വില വര്‍ധന, പൂഴ്ത്തി വെപ്പ്, കരിഞ്ചന്ത എന്നിവക്കെതിരേ പോലിസിന്റെ സഹായത്തോടെ പരിശോധനയും നടത്തും.
ലോക്ഡൗണ്‍ ലംഘനം: ഒമ്പത് കേസുകള്‍
കഴിഞ്ഞ ദിവസം (മാര്‍ച്ച് 24) സര്‍ക്കാരിന്റെ ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നീലേശ്വരത്ത് മൂന്നും മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, മേല്‍പ്പറമ്പ്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് എന്നിവടങ്ങളില്‍ ഒന്ന് വീതവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാജ പ്രചരണം; ഒരാളെ അറസ്റ്റ് ചെയ്തു
കോ വിഡ്-19 പോസിറ്റീവായ രോഗിയുടെ സാമ്പിള്‍ നെഗറ്റീവാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. ഗോളിയടുക്കയില്‍ ജോലി ചെയ്യുന്ന കെ എസ് മുഹമ്മദ് അഷറഫിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.