കാസർഗോഡ്: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്ന് ഐ. ജി വിജയ് സാഖറെ പറഞ്ഞു.  നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍  അവരെ സര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റും.
നിലവില്‍ കുറച്ച് ആളുകളെ സര്‍ക്കാരിന്റെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ജില്ലയില്‍ കുറഞ്ഞിട്ടുണ്ട്.  ആളുകളെ നിലവിലെ സ്ഥിതിഗതികളുമായി താരതമ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ ആളുകള്‍ പുറത്തിറങ്ങുന്നതും കുറഞ്ഞു. അതിനാല്‍ കൂടുതല്‍ സേനയെ ഇവിടേക്ക്  ആവശ്യമില്ല.
കോവിഡ് 19 സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി അവരെ നിരീക്ഷണത്തിലാക്കും
ജില്ലയില്‍  കോവിഡ് 19 സ്ഥിരീകരിച്ചവരുടെ മുഴുവന്‍  സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവരെ കര്‍ശന നിരീക്ഷണത്തിലാക്കും.  രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് സമ്പര്‍ക്കം മൂലം രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കു്‌നനതിന്‍രെ ഭാഗമായാണിത്. കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ പോലീസും ആരോഗ്യവകുപ്പും അവരുടെ ആരോഗ്യം പോലും മറന്ന് പരമാവധി ശ്രമിക്കുന്നുണ്ട്.
ഇതൊരു സാമൂഹ്യ പ്രതിബന്ധതയായി കണ്ട് പൊതുജനങ്ങളും ഇതിനോട് സഹകരിക്കണം. ഇന്ന് (മാര്‍ച്ച് 27) കോവിഡ് 19 സ്ഥിരീകരിച്ച 34 പേരില്‍  ഏറെയും വിദേശത്തു നിന്നുള്ളവരാണ്. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.  നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടവര്‍ ഒരു മുറിക്കുള്ളില്‍ ഒറ്റയ്ക്ക് കഴിയണം. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും ഐ ജി പറഞ്ഞു.
കോഴിക്കോട് സോണല്‍ ഐജി അശോക് യാദവ്, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, കമ്മ്യൂണിക്കേഷന്‍ എസ്.പി.ഡി.ശില്‍പ എന്നിവരും ഐജിക്കൊപ്പം ഉണ്ടായിരുന്നു.
ജില്ലയില്‍ ആരും വിശന്നിരിക്കുന്ന അവസ്ഥ ഉണ്ടാകില്ല ; കളക്ടര്‍
ജില്ലയില്‍ ആരും വിശന്നിരിക്കുന്ന അവസ്ഥ  ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ഭക്ഷണം ലഭിക്കാത്തവര്‍ക്കും ഭക്ഷണം  ആവശ്യമുള്ളവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് കമ്മ്യൂണിറ്റി കിച്ചന്‍ വഴി സ്വീകരിച്ചിട്ടുള്ളത്.ഭക്ഷണം ആവശ്യമുള്ളവര്‍ 04994 255004 എന്ന നമ്പരില്‍ വിളിക്കണം.
ഇവരുടെ പേരു വിവരങ്ങള്‍ അതത് പഞ്ചായത്ത് പ്രസിഡണ്ട്,സെക്രട്ടറി വാര്‍ഡ്തലജാഗ്രതാ സമിതി അധ്യക്ഷനായ വാര്‍ഡ് മെമ്പര്‍ എന്നിവര്‍ക്ക് കൈമാറും.വാര്‍ഡ്‌മെമ്പര്‍ അപേക്ഷയുടെ ആധികാരികത ഉറപ്പുവരുത്തി,ആവശ്യമായ സാധനങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസറില്‍ നിന്നും കൈപ്പറ്റണം. ഡി എം ഒയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈ സാധനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത്,ബട്ടര്‍ പേപ്പര്‍,ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ എത്തിക്കും.മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കമ്മ്യൂണിറ്റി കിച്ചനുകള്‍ ജില്ലയില്‍ ആരംഭിച്ചത്.
അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തും : ജില്ലാ കളക്ടര്‍
  അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.ജില്ലയില്‍ നിലവില്‍ 1808 അതിഥി സംസ്ഥാന തൊഴിലാളികളാണ് ഉള്ളത്.ഇവരുടെ താമസസ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. എങ്കിലും ഈ കാര്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ കൂടി പരിശോധന നടത്തി ഉറപ്പുവരുത്തും