• വളർത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച വൈത്തിരി അംബേദ്കർ ചാരിറ്റി കോളനിയിൽ രാജമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വയനാട് കളക്ടർ അടിയന്തര സഹായമായി അനുവദിച്ച അയ്യായിരം രൂപയ്ക്ക് പുറമേയാണിത്.
 • കണ്ണൂർ സർവ്വകലാശാലയിൽ പുതിയതായി 100 അനധ്യാപക തസ്തികകൾ സൃഷ്ടിക്കും.
 • വൈപ്പിൻ എളങ്കുന്നപ്പുഴയിൽ പുതിയതായി പ്രവർത്തനമാരംഭിച്ച സർക്കാർ ആർട്‌സ് & സയൻസ് കോളേജിൽ കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തിക വീതം സൃഷ്ടിക്കും.
 • മോട്ടാർ വാഹന വകുപ്പിൽ ഇരിട്ടി, ന•ണ്ട, പേരാമ്പ്ര, തൃപ്രയാർ, കാട്ടാക്കട, വെളളരിക്കുണ്ട് എന്നീ പുതിയ സബ് ആർ.ടി ഓഫീസുകൾ ആരംഭിക്കാൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി 60 സ്ഥിരം തസ്തികകളും 12 താത്കാലിക തസ്തികകളും സൃഷ്ടിക്കും.
 • കേരള നിയമപരിഷ്‌ക്കരണ കമ്മിഷൻ അംഗമായി റിട്ട. ജില്ല ജഡ്ജ് കെ ജോർജ്ജ് ഉമ്മനെ നിയമിക്കാൻ തീരുമാനിച്ചു. കമ്മീഷൻ അംഗമായിരുന്ന മുൻ അഡ്വകേറ്റ് ജനറൽ എം.കെ. ദാമോദരൻ നിര്യാതനായതു മൂലം വന്ന ഒഴിവിലേയ്ക്കാണ് നിയമനം.
 • പതിനൊന്നിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ നഗരസഭകളിലും ഓണറേറിയം വ്യവസ്ഥയിൽ നിയമിക്കുകയും പിന്നീട് പാർട്ട് ടൈം കണ്ടിജെന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുകയും ചെയ്ത ലൈബ്രേറിയൻമാർ, ആയമാർ, നേഴ്‌സറി സ്‌കൂൾ ടീച്ചർമാർ എന്നിവരുടെ 35 ശതമാനം തസ്തികകൾ ഫുൾടൈം കണ്ടിജെന്റ് തസ്തികകളായി ഉയർത്തി നിലവിലുളള സ്ഥാപനങ്ങളിൽ തന്നെ തുടരാൻ അനുവദിക്കാൻ തീരുമാനിച്ചു. ഇവർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്താനും തീരുമാനിച്ചു.
  പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആയി വിരമിച്ച കെ.ജെ. വർഗീസിനെ തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രവും തൃശൂർ ജില്ലയിലെ പുത്തൂർ സുവോളജിക്കൽ പാർക്കും സ്ഥാപിക്കുന്നതിനുളള സ്‌പെഷ്യൽ ഓഫീസർ ആയി നിയമിക്കാൻ തീരുമാനിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പദവിയിലാണ് നിയമനം.
 • എൻ.ഐ.എ കൊച്ചി ബ്രാഞ്ചിന് ഓഫീസും പാർപ്പിടവും ഉൾപ്പെടെയുളള സമുച്ചയം പണിയുന്നതിന് എച്ച്.എം.ടിയ്ക്ക് അനുവദിച്ച ഭൂമിയിൽ നിന്ന് 3 ഏക്കർ അനുവദിക്കാൻ തീരുമാനിച്ചു.
 • കേരള കയർത്തൊഴിലാളി ക്ഷേമനിധിബോർഡിൽ ദിവസവേതാനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 19 ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയ തീരുമാനം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പുന:പരിശോധിക്കാൻ തീരുമാനിച്ചു.
 • കേരള ഇൻസ്റ്റിറ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനിൽ (കില) 1990 മുതൽ അഞ്ച് താത്കാലിക ഗാർഡനർമാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയത് പുന:സ്ഥാപിക്കാൻ തീരുമാനിച്ചു.
 • ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസിന് കശുഅണ്ടി വകുപ്പിന്റെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
 • ബി. അബ്ദ്ദുൾ നാസറിനെ ഹൗസിംഗ് കമ്മീഷണറായി നിയമിക്കാൻ തീരുമാനിച്ചു. ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിന് ഉണ്ടാവും.