മുവാറ്റുപുഴ: വാഴക്കുളം നടുക്കര പൈനാപ്പിൾ സംസ്കരണ ഫാക്ടറിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്ന് മന്ത്രി വി.എസ്‌. സുനിൽ കുമാർ. കാലഘട്ടത്തിന് അനുസൃതമായി പുതിയ സാങ്കേതിക വിദ്യകളോടെ വിപണി തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് നിലവിൽ ചെറിയ തോതിൽ പ്രവർത്തിച്ചു വരുന്ന കമ്പനിയുടെ ഉത്പാദനം വിപുലമാക്കാനുള്ള പദ്ധതികളാണ് തയാറാക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധി ഫലപ്രദമായി വിനിയോഗിച്ചു കൊണ്ട് പ്രവർത്തനം പുനസ്ഥാപിക്കാൻ കഴിഞ്ഞത് എറെ ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

നടുക്കര പൈനാപ്പിൾ സംസ്കരണ ഫാക്ടറി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഫ്ളൈറ്റുകളിലും ട്രെയിനുകളിലുമെല്ലാം ലഭ്യമായിരുന്ന ജൈവ് എന്ന പ്രശസ്തമായ ഡ്രിങ്ക് പുറത്തിറക്കുന്ന കമ്പനിയാണിത്. സാമ്പത്തികമായി പ്രശ്നങ്ങൾ നേരിട്ടിരുന്ന കമ്പനിയുടെ പുനരുജ്ജീവനത്തിനായി മൂന്ന് കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൈനാപ്പിൾ ശേഖരണം ആരംഭിക്കുകയും ഇന്നു മുതൽ ( 09.04.20) പൾപ്പ് നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പൈനാപ്പിൾ കേടാകാതെ സൂക്ഷിക്കുന്ന യന്ത്രസംവിധാനത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായി 27 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ ഇപ്പോൾ ശേഖരിക്കുന്ന 50 ടൺ പൈനാപ്പിളിനേക്കാൾ അധികം ശേഖരിക്കാൻ കഴിയും. കർഷകരുടെ ഉത്പന്നങ്ങൾ പൂർണ്ണമായി സംഭരിക്കാനും കൂടുതൽ ഉത്പന്നങ്ങളുണ്ടാക്കാനും കഴിയും.

പഴങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതിനുള്ള സാങ്കേതിക വിദ്യ നടുക്കര കമ്പനി സ്വായത്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്. സർക്കാർ മേഖലയിലാണ് വൈൻ ഉത്പാദനം അനുവദിക്കുന്നതെങ്കിൽ നടുക്കര കമ്പനിക്ക് സ്വന്തമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു സോഫ്റ്റ് ഡ്രിങ്കുകളേക്കാൾ മികച്ച നിലവാരം പുലർത്തുന്നതാണ് ഇവിടുത്തെ ഉത്പന്നങ്ങൾ.

സംഭരിക്കുന്ന ഉത്പന്നങ്ങളുടെ തുക കർഷകർക്ക് എത്രയും വേഗം ലഭ്യമാക്കും. കമ്പനി എത്രയും വേഗം തുറന്ന് പ്രവർത്തിക്കുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. ജീവനക്കാരുടെ ശമ്പള കുടിശിക ആറു മാസത്തിനകം കൊടുത്തു തീർക്കാനാണ് ഇപ്പോൾ തീരുമാനം. ഇപ്പോൾ ലഭിച്ചിരിക്കുന്ന മൂന്ന് കോടി ഉപയോഗപ്പെടുത്തി കമ്പനി ലാഭത്തിലാക്കാൻ കഴിയും. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തി പ്രവർത്തനം നടത്തും. ആരെയും പിരിച്ചുവിടില്ല. ജീവനക്കാർക്ക് ആശങ്ക വേണ്ട . കമ്പനിയുടെ പുരോഗതി അനുസരിച്ച് അവരെ തിരിച്ചെടുക്കും. ശമ്പള കുടിശിക ഘട്ടം ഘട്ടമായി കൊടുത്തു തീർക്കും.

മാർക്കറ്റ് ലിങ്ക് പുനസ്ഥാപിക്കുകയാണ് ഏറെ പ്രധാനം. കൂടാതെ കർഷകർക്ക് കൂടി ഓഹരി അനുവദിക്കാനുള്ള നയപരമായ തീരുമാനവും സ്വീകരിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങളിൽപ്പെട്ട് ബാങ്കിൽ കിടക്കുന്ന കമ്പനിയുടെ നാല് കോടി രൂപ കൂടി ലഭിച്ചാൽ കമ്പനിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാകും. പെറ്റ് ബോട്ട്ലിംഗ് പ്ലാൻ്റിനായി 5 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ബോട്ടിലിൻ്റ ബ്രാൻഡിൽ ഉത്പാദനം നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. കമ്പനിയുടെ പ്ലാൻ്റ് സന്ദർശിച്ച മന്ത്രി അകലം പാലിച്ചുകൊണ്ട് ജോലി ചെയ്യാൻ ജീവനക്കാർക്ക് നിർദേശം നൽകി.

എൽദോ എബ്രാഹാം എം എൽ എ, ജില്ലാ പഞ്ചായത്തംഗം എൻ. അരുൺ, കമ്പനി എം.ഡി. കെ.എൽ. ഷിബുകുമാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.