ഇന്നലെ (മേയ് 8) പുതുതായി ആര്‍ക്കും കോവിഡ് -19 രോഗം  സ്ഥിരീകരിച്ചിട്ടില്ല.ഇനി ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് ഒരാള്‍ മാത്രം. വീടുകളില്‍ 885 പേരും ആശുപത്രികളില്‍  67 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.
ഇതുവരെ 5036 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ)പരിശോധനയ്ക്ക് അയച്ചത്. 242 സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 40പേരേ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 94  പേര്‍ ഇന്നലെ (മെയ് 8) നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 177 പേരാണ് രോഗവിമുക്തരായിരിക്കുന്നത്
സെന്റിനല്‍ സര്‍വെയ്ലന്‍സ് ഭാഗമായി ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അതിഥി തൊഴിലാളികള്‍, സാമൂഹ്യ സമ്പര്‍ക്കത്തില്‍ കൂടുതല്‍ ഇടപഴകുന്ന വ്യക്തികള്‍ തുടങ്ങിയവരുടെ 516 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.ഇതില്‍ 461 എണ്ണം നെഗറ്റീവ് ആണ് കൂടുതല്‍ വിവരങ്ങള്‍ക്ക് www.coronacontrolksd.in സന്ദര്‍ശിക്കു.
സുഭിക്ഷ കേരളം’ പദ്ധതി ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കും. മന്ത്രി ഇ ചന്ദ്രശേഖരന്‍
ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കും. പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വീഡിയോ കോണ്‍ഫറന്‍സിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തരിശ് രഹിത നെല്‍ കൃഷി, പച്ചക്കറി കൃഷി എന്നിവ പരിപോഷിപ്പിക്കാനായി സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥലം പാട്ടത്തിനെടുത്തോ അവരുടെ അനുവാദത്തോടു കൂടിയോ കൃഷി ചെയ്യാന്‍ ഏറ്റെടുക്കേണ്ട ചുമതല ജില്ലാ കളക്ടര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. തരിശ് രഹിത കൃഷി, പച്ചക്കറി കൃഷി, പാല്‍ ഉത്പാദനം, ഉള്‍നാടന്‍ മീന്‍ വളര്‍ത്തല്‍, ഇറച്ചി ഉത്പാദനം തുടങ്ങിയവ പ്രോത്സാഹിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സര്‍വ്വേ നടത്തി സ്ഥലങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
  ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണിത് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പാക്കുന്നത്. കൃഷി – 1449 കോടി രൂപ, മൃഗസംരക്ഷണം – 118 കോടി, ക്ഷീരവികസനം – 215 കോടി, മത്സ്യബന്ധനം – 2078 കോടി. കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജലസേചന കാര്യത്തില്‍ ജലവിഭവ വകുപ്പും കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്ക് വ്യവസായ വകുപ്പും ഈ പദ്ധതിയുമായി യോജിച്ച് നീങ്ങും. സംസ്ഥാനത്ത് 25,000 ഹെക്ടര്‍ തരിശുനിലത്തില്‍ കൃഷിയിറക്കാനാണ് പദ്ധതി. അതില്‍ നെല്ല് 5000 ഹെക്ടര്‍, പച്ചക്കറി 7000 ഹെക്ടര്‍, വാഴ 7000 ഹെക്ടര്‍, കിഴങ്ങ് 5000 ഹെക്ടര്‍, പയര്‍വര്‍ഗ്ഗങ്ങള്‍ 500 ഹെക്ടര്‍, ചെറുധാന്യങ്ങള്‍ 500 ഹെക്ടര്‍ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. പുരയിട കൃഷിയില്‍ പച്ചക്കറിയും കിഴങ്ങുവര്‍ഗ്ഗങ്ങളും ആകാം.
യോഗത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, സബ്കളക്ടര്‍ അരുണ്‍ കെ.വിജയന്‍, തഹസില്‍ദാര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ തുടങ്ങിയവര്‍ പങ്കെടുത്തു.
കള്കട്രേറ്റില്‍ ചേര്‍ന്ന സുഭിക്ഷ കേരളം’ പദ്ധതി മുന്നൊരുക്ക യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പദ്ധതി വിശദികരിച്ചു. എ.ഡി.സി ജനറല്‍ ബവിന്‍ ജോണ്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍  റെജി കുമാര്‍, പ്രിന്‍സിപ്പാല്‍ ക്യഷി ഓഫീസര്‍ സജിനി മോള്‍ തദ്ദേശ സ്വയം ഭരണ അദ്ധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.