ലോക്ഡൗൺ കാലത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഹരിതകർമ്മസേനകളെക്കുറിച്ച് ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ശുചിത്വമിഷൻ, കുടുംബശ്രീ, ക്ലീൻകേരള കമ്പനി എന്നിവരുമായി ചേർന്ന് ജൂലൈ 2 വൈകിട്ട് മൂന്ന് മുതൽ 4.30 വരെയാണ് പരിപാടി.

വീടുകളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ച് സംഭരണകേന്ദ്രങ്ങളിലെത്തിക്കുക, തരംതിരിക്കുക, പുനചംക്രമണത്തിനു നൽകുക തുടങ്ങിയ സുപ്രധാന ജോലികളാണ് ഹരിതകർമ്മസേന ചെയ്യുന്നത്. 32000ലധികം പേരാണ് സംസ്ഥാനമൊട്ടാകെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ ഹരിതകർമ്മസേനാംഗങ്ങളുടെ സുരക്ഷ, ആരോഗ്യ   സുരക്ഷ, പാഴ്‌വസ്തുക്കൾ തരംതിരിക്കേണ്ട ആവശ്യകത എന്നിവയും ഇതു സംബന്ധിച്ച പൊതുവിലുള്ള സംശയനിവാരണവും ഫേസ്ബുക്ക് ലൈവിൽ ഉണ്ടാകുമെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ അറിയിച്ചു. ഹരിതകേരളം മിഷൻ ഫേസ്ബുക്ക് പേജിൽ  fb.com/harithakeralamission, ലൈവ് പരിപാടി കാണാം. സംശയങ്ങൾക്ക് തൽസമയം മറുപടിയും നൽകും.