താൽകാലിക റവന്യൂ പിരിച്ചെടുക്കൽ നിയമ ഭേദഗതി
താൽക്കാലിക റവന്യൂ പിരിച്ചെടുക്കുന്നതിനുള്ള നിയമ ഭേദഗതി മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാലാവധി 2020 ഏപ്രിൽ ഒന്നു മുതൽ 180 ദിവസമായി ദീർഘിപ്പിക്കുന്നതിന് താൽക്കാലിക റവന്യൂ പിരിച്ചെടുക്കൽ നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.
1985ലെ താൽക്കാലിക റവന്യൂ പിരിച്ചെടുക്കൽ നിയമപ്രകാരം 120 ദിവസമാണ് റവന്യൂ പിരിക്കാൻ സർക്കാരിന് അധികാരമുള്ളത്. ഈ കാലാവധിയ്ക്കകം ബില്ലുകൾ നിയമസഭ പാസാക്കിയില്ലെങ്കിൽ അവ കാലഹരണപ്പെട്ടുപോകും. കേരള ധനകാര്യ ബിൽ പാസാക്കുന്നതിന് ജൂലൈ 27ന് നിയമസഭ ചേരാൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവധി 120 ദിവസത്തിൽ നിന്ന് 180 ദിവസമാക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരുന്നത്.
കേരള ധനഉത്തരവാദിത്വ നിയമത്തിൽ ഭേദഗതി
രാജ്യത്തെ പ്രതികൂല സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് 2019-20 വർഷം 1471 കോടി രൂപ അധിക വായ്പ എടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള ധനഉത്തരവാദിത്വ നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഈ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന വ്യവസ്ഥയോടെയാണ് ഒറ്റത്തവണയായി അധിക വായ്പ എടുക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്.
കോവിഡിൻറെ പശ്ചാത്തലത്തിൽ നിയമസഭ ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്. ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിൻറെ ധന കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിൻറെ 3 ശതമാനമായി നിലനിർത്തണം. അതുകൊണ്ടാണ് ഒറ്റത്തവണയായി അധികവായ്പ എടുക്കുന്നതിന് നിയമഭേദഗതി വേണ്ടിവന്നത്.
അസമിന് രണ്ട് കോടി രൂപ
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങളോട് മന്ത്രിസഭായോഗം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടു കോടി രൂപ അസം സർക്കാരിന് നൽകാനും തീരുമാനിച്ചു.
തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളികളും തൊഴിൽ ഉടമകളും അടയ്‌ക്കേണ്ട അംശദായം 20 രൂപയിൽ നിന്ന് 30 രൂപയായും സ്വയം തൊഴിൽ ചെയ്യുന്നവർ അടയ്‌ക്കേണ്ട അംശദായം 40 രൂപയിൽ നിന്ന് 60 രൂപയായും വർധിപ്പിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച നിയമഭേദഗതിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു.