പതിനാലാം കേരള നിയമസഭയുടെ 20-ാം സമ്മേളനം ആഗസ്റ്റ് 24ന് വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനുള്ള കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻറെ സർക്കാർ ഗ്യാരണ്ടി തുക 30 കോടിയിൽ നിന്നും 100 കോടിയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.

കിൻഫ്രയുടെ കൊച്ചി ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ പദ്ധതിക്ക് പാലക്കാട് ജില്ലയിൽ 1800 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ യൂണിറ്റും സ്‌പെഷ്യൽ തഹസിൽദാർ യൂണിറ്റും താൽകാലികമായി രൂപീകരിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല കിൻഫ്രക്കാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2019-20 വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർരേഖ പുറപ്പെടുവിച്ചു. കഴിഞ്ഞ തവണ നൽകിയ ബോണസ് തുകയിൽ അധികരിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് അംഗീകരിച്ചത്.

നെടുമ്പാശ്ശേരി, കരിപ്പൂർ എന്നീ വിമാനത്താവളങ്ങളിൽ നിന്നും ആഭ്യന്തര സർവ്വീസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും ഏവിയേഷൻ ടർബയിൻ ഫ്യൂവലിനുള്ള നികുതി നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി, 10 വർഷത്തേക്ക് കുറയ്ക്കാൻ തീരുമാനിച്ചു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി. രതീശന് ലാൻറ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതല നൽകി.

വി. ജയകുമാരൻ പിള്ളയെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ എൻറർപ്രൈസസ് മാനേജിംഗ് ഡയറക്ടറായി പുനർനിയമിച്ചു.

ഇടുക്കി രാജമലയിലെ, പെട്ടിമുടിയിൽ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ ആശ്രിതർക്കും കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും ധനസഹായം അനുവദിച്ചു.

പെട്ടിമുടിയിൽ മരണപ്പെട്ടവർക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാ ചിലവിനുള്ള തുകയും അനുവദിച്ചു. വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് പ്രഖ്യാപിച്ച 10 ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാചിലവിനുള്ള തുകയുമാണ് അനുവദിച്ചത്.

കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻറ് ഡെവലപ്‌മെൻറിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്ഥിരം തസ്തിക സൃഷ്ടിച്ചു.