സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി    പെരുമണില്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. നിലവിലുണ്ടായിരുന്ന പ്രാഥമികാരോഗ്യകേന്ദ്രമാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്.          എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും രോഗികള്‍ക്ക് സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ലഭ്യമാക്കാനും ലക്ഷ്യമിടുന്ന ആര്‍ദ്രം മിഷന്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ശ്രദ്ധേയമായ മാറ്റത്തിന് വഴിതെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെരുമണ്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കൂടുതല്‍        വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍  ഉണ്ടാകുമെന്നും എം.എല്‍.എ അറിയിച്ചു.
പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷീല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ജില്ലാ പഞ്ചായത്തംഗം ഡോ. രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ മോഹന്‍,  ബ്ലോക്ക് പഞ്ചായത്തംഗം ഇ.വി. സജീവ്കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജയകൃഷ്ണന്‍, മറ്റു ജനപ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.വി. ഷേര്‍ളി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കൃഷ്ണവേണി, ഡോ. നിഷ പി. ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിനുവേണ്ടി ആശുപത്രിയിലെ      ഉപയോഗശൂന്യമായി കിടന്നിരുന്ന വാര്‍ഡിന്റെ നവീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും  പണം അനുവദിച്ചിട്ടുണ്ട്.  ഇവിടെ അധികമായി അനുവദിച്ച ഡോക്ടറുടെയും ലാബ് ടെക്‌നീഷ്യന്റെയും ഓരോ തസ്തികകളിലും  സ്റ്റാഫ്  നഴ്‌സിന്റെ രണ്ടു തസ്തികകളിലും നിയമനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും ജില്ലാ കളക്ടര്‍ സെക്രട്ടറിയുമായ ജില്ലാ മിഷനാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല.
സാധാരണ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു    വരെയും  ഞായറാഴ്ച്ചകളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്‌യ്ക്ക് 1.30 വരെയും  ഒ.പി പ്രവര്‍ത്തിക്കും. രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30 വരെ നഴ്‌സുമാരുടെ സേവനം ലഭിക്കും. ആവശ്യമെങ്കില്‍ ഗ്രാമപഞ്ചായത്ത് മുഖേന ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.      കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിനായി ജീവനക്കാര്‍ക്കും ആശാപ്രവര്‍ത്തകര്‍ക്കും പ്രത്യേക പരിശീലനം നല്‍കിവരുന്നു.