ഒക്ടോബര്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും

തിരുവന്തപുരത്തെ വെള്ളാര്‍ കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് അതിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ഉടന്‍ തുറന്നുകൊടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒക്ടോബര്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വില്ലേജ് സന്ദര്‍ശിച്ച് അവസാനവട്ട പണികള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


ആദ്യഘട്ടത്തിൽ 16 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ 16 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ ക്രാഫ്റ്റ് വില്ലേജിനകത്ത് എംപോറിയം, ആർട്ട് ഗാലറി, വാക്ക് വേ, സ്റ്റുഡിയോസ്, സെക്യൂരിറ്റി ക്യാബിൻ, കഫ്റ്റീരിയ, എക്സിറ്റ് വാക്ക്വേ, റോഡുകൾ, റസ്റ്റോറൻറ്, ഓഡിറ്റോറിയം, കിച്ചൻ, ഓഫീസ്, ടോയ്ലറ്റ് ബ്ലോക്സ്, പോണ്ട്, മേള കോർട്ട്, വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ടാങ്കുകൾ, ഫെൻസിങ്, കോമ്പൗണ്ട് വാൾ, ഡിസൈൻ സ്ട്രാറ്റർജി ലാബ്, എൻട്രി ഗേറ്റ്, ക്യാമ്പസ് ലാന്‍റ് സകേപ്പിംഗ് എന്നീ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് ഇതിൽ ഭൂരിഭാഗം നിർമ്മാണങ്ങളും അവസാനഘട്ടത്തിലാണ്.

കരകൗശല മേഖലയ്ക്ക് പുനർജനി നൽകുകയെന്ന ലക്ഷ്യത്തോടെ 2011-ൽ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതാണ് ഇരിങ്ങല്‍, വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജുകൾ. ഇരിങ്ങലിലെ ‘സർഗ്ഗാലയ’ കേരളത്തിന്റെ കരകൗശല മേഖലയിലെ പ്രധാന കേന്ദ്രമായി വളർന്നപ്പോള്‍ വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് പലവിധ കാരണങ്ങളാൽ ലക്ഷ്യം പൂർത്തികരിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വികസനോൻമുഖമായ ഇടപെടലിന്റെ ഭാഗമായി നടത്തിപ്പ് ചുമതലയും ഊരാളുങ്കലിനെ ഏല്പിക്കുകയായിരുന്നു.

8.5 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ക്യാമ്പസ് ഭൂഘടനകൊണ്ട് തന്നെ അതിമനോഹരമാണ്. ക്രാഫ്റ്റ് വില്ലേജിനുള്ളിൽ 28 സ്റ്റുഡിയോകളിലായി 50  ഓളം ക്രാഫ്റ്റുകൾ പരിചയപെടുത്താൻ സാധിക്കും. എല്ലാ സ്റ്റുഡിയോകളിലും ഉത്പന്നങ്ങളുടെ നിർമ്മാണവും വില്പനയും ഒരുക്കിയിട്ടുണ്ട്. ഇതൊടൊപ്പം തന്നെ ക്രാഫ്റ്റ് ഡിസൈൻ മേഖലകളിലെ അനുഭവസമ്പന്നരായ അധ്യാപകരെയും വിദഗ്ദ്ധരെയും ഉൾപടുത്തികൊണ്ട്  വർക്ക് ഷോപ്പുകളും ട്രെയിനിങ്ങ് പ്രോഗ്രാമുകളും സംഘടിപ്പിക്കും. കൈത്തറിയിൽ പദ്മശ്രീ നേടിയ ഗോപി മാസ്റ്ററും ശിൽപ ഗുരു അവാർഡ് ജേതാവ് കെ.ആർ മോഹനനും, മൂന്നു നാഷ്ണൽ അവാർഡികളും 4 സ്റ്റേറ്റ് അവാർഡികളും സ്ഥാപനത്തിന്റെ മുതൽ കൂട്ടാണ്.

സന്ദർശകർക്ക് ആർട്ടിസാൻസുമായി അടുത്തിടപഴകാനും കരകൗശല നിർമ്മാണത്തിൽ പങ്കെടുക്കാനുമുള്ള അവസരം സ്റ്റുഡിയോകളിൽ ഒരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ കേരളത്തിന്റെ പൈതൃക കരകൗശല ഉൽപന്നങ്ങളായ ആറന്മുള കണ്ണാടി, പെരുവമ്പ് വാദ്യോപകരണങ്ങൾ, ബാലരാമപുരം കൈത്തറി, മുട്ടത്തറ ദാരു ശിൽപ്പങ്ങൾ, തഴവ ഉൽപന്നങ്ങൾ എന്നിവ അതിന്റെ തനിമ ഒട്ടും നഷ്ടപെടാത്ത  രീതിയിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ഥിരം സന്ദർശകർക്ക് ഉണ്ടാവുന്ന ആവർത്തന വിരസത  പരിഹരിക്കാൻ ഉത്പന്നങ്ങളുടെ  ഡിസൈനിൽ  മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുതുമ നിലനിർത്താൻ ആവിശ്യമായ പ്രവർത്തനങ്ങൾ  നടത്തുന്നുണ്ട്.

ഇന്ത്യയിലെയും  കേരളത്തിലെയും പ്രധാനപ്പെട്ട ഇന്റീരിയർ ഡിസൈനേഴ്‌സ്, ഫാഷൻ ഡിസൈനേഴ്‌സ്, ആർക്കിടെക്ടുകൾ എന്നിവരെ ഉൾകൊള്ളിച്ചുകൊണ്ട് വിപുലമായ ഒരു മാർക്കെറ്റിങ്ങ് ശൃംഖല രൂപപ്പെടുത്തി അതുവഴി ഉത്പന്നങ്ങൾ വിൽക്കാനുള്ള ഒരു സ്ഥിരം വേദി സൃക്ഷ്ടിക്കുകയും, കൂടാതെ സ്ഥാപനത്തിന്റെ പ്രൊഡക്റ്റ് ഡിസൈൻ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതു വഴി എല്ലാ ക്രാഫ്റ്റ് ഉത്പന്നങ്ങളും ഉപഭോക്താവിന്റെ ഇഷ്ടാനുസരണം കസ്റ്റമൈസ്‌ ചെയ്യുകയും ലിമിറ്റഡ് എഡിഷൻ പ്രൊഡക്ടുകൾ വിപണിയിൽ എത്തിക്കുകയും ചെയ്യും.


ക്രാഫ്റ്റ് ബിനാലെ

വർഷത്തിൽ ഒരിക്കൽ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗൽഭരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്    പെയിന്റിംഗ്, ടെറാക്കോട്ട, ഹാൻഡ്‌ലൂം, ശില്പങ്ങൾ, ബാംബു ഉത്പന്നങ്ങൾ  എന്നിവ ഉൾപ്പെടുത്തികൊണ്ട്  ഒരു നിശ്ചിത   തീം അടിസ്ഥാനമാക്കി  ആർട്ട്‌ & ക്രാഫ്റ്റ് ബിനാലെകൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി അവരുടെ അനുഭവങ്ങൾ പങ്കുവെക്കാനും പുതിയ സങ്കേതങ്ങൾ പരിചയപ്പെടുത്താനുള്ള വർക്ക് ഷോപ്പുകളും സംഘടിപ്പിക്കും.


ഫെസ്റ്റിവിറ്റി

വർഷത്തിൽ രണ്ട്  ഫെസ്റ്റിവലുകൾ  സംഘടിപ്പിക്കാൻ ആണ്   ഉദ്ദേശിക്കുന്നത് . ഒന്ന് പൂർണ്ണമായി ആർട്സ് ഫെസ്റ്റും, രണ്ടാമത്തേത് സെപ്തംബർ, ഏപ്രിൽ മാസങ്ങളിൽ ക്രാഫ്റ്റിനും ഫുഡിനും പ്രാധാന്യം നൽകുന്ന രീതിയിലും  ഷെഡ്യൂൾ ചെയ്യും. തിരുവനന്തപുരം നിരവധിയായ ഫെസ്റ്റിവലുകൾക്ക്  വേദിയായത് കൊണ്ടുതന്നെ തികച്ചും വ്യത്യസ്തമായതും പുതുമയേറിയതുമായ സ്ട്രാറ്റജികൾ പ്ലാൻ ചെയ്ത് ഈ ഫെസ്റ്റിവലുകൾ നടപ്പിലാക്കും. ഇത്തരത്തിൽ കലാ-കരകൗശല മേഖലയെ മെച്ചെപ്പടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുക.


കേരളത്തിലെ  പരമ്പരാഗത /അനുഷ്ഠാന /ഗോത്ര /നാടോടി  ദൃശ്യ കലകളുടെ അവതരണം

കരകൗശലമേഖലയെപോലെത്തന്നെ പരിഗണന അർഹിക്കുന്ന മേഖലയാണിത്. മൂന്ന് രീതിയിലാണ് ഈ മേഖലയിൽ നമ്മൾ ഇടപെടാൻ ആഗ്രഹിക്കുന്നത്. കേരള ആർട്സ് & ക്രാഫ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ കോവളത്താണ്. നമ്മുടെ പ്രധാന സന്ദർശകരായി പരിഗണിക്കുന്നത് വിദേശികളെയും മറ്റു  സംസ്ഥാനത്തു  നിന്നുവരുന്ന  വിനോദ സഞ്ചാരികളെയുമാണ്. ഇവർക്ക് കേരളത്തിന്റെ പൈതൃകവും സംസ്കാരവും പരിചയപ്പെടുത്തുന്ന രീതിയിലുള്ള കലാരൂപങ്ങൾ (തെയ്യം, കഥകളി, കോൽക്കളി, തിരുവാതിര, മാർഗ്ഗംകളി, പാവക്കൂത്ത്, കളരിപ്പയറ്റ് etc) അവതരിപ്പിക്കുകയും അതോടൊപ്പം ടൂറിസം സീസൺ അല്ലാത്ത കാലയളവിൽ തദ്ദേശീയരായവർക്ക് വേണ്ടി മറ്റു രാജ്യങ്ങളുടെ കലാരൂപങ്ങൾ പരിചയപ്പെടുത്തേണ്ടതായുണ്ട്. തുടക്കത്തിൽ ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും കലാപരിപാടികൾ അവതരി പ്പിക്കുകയും പിന്നീട് എല്ലാദിവസവും പ്രോഗ്രാം എന്ന നിലയിലേക്കും മാറ്റിയെടുക്കും.അതോടൊപ്പം തന്നെ മ്യൂസിക്, ഡാൻസ്, തീയേറ്റർ എന്നീ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഹ്രസ്വകാല വർക്ക് ഷോപ്പുകളും, ട്രെയിനിങ് പ്രോഗ്രാമുകളും സംഘടിപ്പിക്കും കൂടാതെ ഭാവിയിൽ പെർഫോമിങ് ആർട്ടിസന് ട്രെയിനിങ് അക്കാദമിയും ആരംഭിക്കും.


ആർട്ട്‌ & ആർട്ട്‌  ഗാലറി

ഇന്ത്യയിലെ /കേരളത്തിലെ  പ്രഗത്ഭരായ മോഡേൺ /ട്രഡീഷണൽ /ഫോക് /ട്രൈബൽ ചിത്രകാരന്മാരെ  ഉൾപ്പെടുത്തികൊണ്ടുള്ള  നാഷണൽ ക്യാമ്പുകളും അതോടൊപ്പം  പുതിയ തലമുറയിലെ  ചിത്രകാരന്മാരെ  പരിപോഷിപ്പിക്കാൻ വേണ്ടി ക്ലാസ്സുകളും നടത്തുന്നതാണ്. ചിത്രങ്ങൾ  പ്രദർശിപ്പിക്കാൻ അപേക്ഷ നൽകുന്ന  ചിത്രകാരന്മാരുടെ  ചിത്രങ്ങൾ നിലവാരത്തിന്റെ  അടിസ്ഥാനത്തിൽ  തിരഞ്ഞെടുത്തു  പ്രത്യേകം  എക്സിബിഷൻ  നടത്തുന്നതാണ്.


എംപോറിയം

ലോകനിലവാരത്തിലുള്ള ഉത്പന്നങ്ങൾ  തിരഞ്ഞെടുത്തു  ഭാവിയിൽ എല്ലാ രാജ്യത്തിന്റെയും  ക്രാഫ്റ്റുകളുടെയും   ചിത്രകലയുടെയും നൂതന വിപണനം  സാധ്യമാകുന്ന  ഒരിടമായി എംപോറിയത്തെ മാറ്റിയെടുക്കും.


ഫുഡ് & ബീവറേജസ്

ഭക്ഷണവും ഒരു കലയാണ് എന്ന ബോധ്യത്തോടെ രുചിയേറിയതും വൃത്തിയുള്ളതുമായ ഭക്ഷണം  ഒരുക്കുന്നതോടൊപ്പം ഫുഡ് ഫെസ്‌റ്റിവലുകളും സംഘടിപ്പിക്കും. ഈ സ്ഥാപനത്തിന്റെതായ ഒരു ഭക്ഷണമോ ഡ്രിങ്ക്സോ മാർക്കറ്റ് ചെയ്യാനുള്ള ഇടപെടലുകൾ നടത്തും.


അക്കാദമിക് ക്യാമ്പസ്

ഈ സ്ഥാപനത്തിന്റെ രാണ്ടാം ഘട്ടത്തിൽ ഗുണമേൻമയുള്ള ആർട്ടിസൻമാരെയും, ആർട്ടിസ്റ്റ്കളെയും, പ്രൊഡക്റ്റ് ഡിസൈനർമാരെയും വാർത്തെടുക്കുന്ന ഒരു സ്ഥാപനവും ഇതിനോട് ചേർന്ന് സ്ഥാപിക്കും. ഇത് കേവലം ഒരു കോഴ്സ് നടത്തിപ്പിനുപരിയായി ഈ മേഖലകളിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയവരിൽ കഴിവുള്ളവരെ തിരഞ്ഞെടുത്ത് ആ മേഖലയിലെ പ്രമുഖരെ ഉൾപെടുത്തി അവരുടെ സാധ്യതകൾ വർധിപ്പിക്കുന്ന തരത്തിലുള്ള ദീർഘ, ഹൃസ്വകാല കോഴ്സുകൾ നടത്താൻ സാധിക്കുന്ന ഒരു പഠന ഗവേഷണന കേന്ദ്രമാക്കി ഇതിനെ മാറ്റിയെടുക്കും. ഇവിടെ നിന്നും പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഈ മേഖലയിൽ തന്നെ തുടരാനും ആകർഷകമായ വരുമാനത്തോടു കൂടി ജോലി ചെയ്യാനുമുള്ള സാധ്യത ഒരുക്കുന്ന രീതിയിലുമായിരിക്കും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം.


ഗെയിം സോണുകൾ

ഇൻഡോർ, ഔട്ട്ഡോർ, അഡ്വഞ്ചറസ് അത്പോലെ തന്നെ വൈജ്ഞാനികവുമായ കളിസ്ഥലങ്ങൾ ഒരുക്കും. ആർച്ചറി, ഷൂട്ടിങ്ങ് റോക്ക് ക്ലൈമ്പിങ്ങ് പോലെയുള്ള അഡ്വഞ്ചറസ് ഗെയിമംസ് ഉൾപ്പെടുത്തും. അതിനിണങ്ങുന്ന ഭൂപ്രകൃതി ക്രാഫ്റ്റ് വില്ലേജിന് ഉണ്ട് . ഭാവിയിൽ ഇത് ഒരു ട്രയിനിംഗ് ക്ലബായി വികസിപിച്ചെടുക്കാനുള്ള ഇടപെടലുകൾ നടത്തും.


ടൂർ പാക്കേജസ്

രണ്ടാം ഘട്ടത്തിൽ ഹോട്ടൽ സംവിധാനം ഉപയോഗപ്പെടുത്തി ക്രാഫ്റ്റ് വില്ലേജിന്റെതായ ഒരു ടൂർ പാക്കേജ് രൂപപ്പെടുത്തും. കേരള സർക്കാറിന്റെ അഭിമാന പദ്ധതിയായ ജലപാത ആരംഭിക്കുന്നത് കോവളത്ത് നിന്നാണ് അത് ഉപയോഗപ്പെടുത്തി സർഗ്ഗാലയയെയും, ജലപാത പോകുന്ന വഴിയിലുള്ള പൈതൃകഗ്രാമങ്ങളെയും ബന്ധിപ്പിച്ച് ഒരു പൈത്യകയാത്ര നടത്താൻ സാധിക്കും. ഇത് വഴി സന്ദർശകർക്ക് കരകൗശല മേഖലയിലെ പൈതൃകവും, അതിന്റെ വ്യാപ്തിയും പൂർണ്ണതയിൽ അനുഭവവേദ്യമാകും.


സാഹിത്യം

കല, കരകൗശലം എന്നത് പോലെ തന്നെ ലോകശ്രദ്ധയാകർഷിച്ച മേഖലയാണ് മലയാളസാഹിത്യം. സാഹിത്യ-സംസ്കാരിക മേഖലക്കും കൂടെ പ്രാധാന്യം ലഭിക്കത്തക്ക രീതിയിലാണ് ഈ ക്യാമ്പസ് വിഭാവനം ചെയ്യുന്നത്. അതിന്റെ ആദ്യ പടിയായി നാച്ചുറൽ ട്രെയിൽസിലെ ഒരു സ്റ്റുഡിയോ പുസ്തകശാലയായി മാറ്റും ലോകസാഹിത്യത്തിലെയും, ഇന്ത്യൻ സാഹിത്യത്തിലെയും, മലയാള സാഹിത്യത്തിലെയും മഹത്തായ കൃതികളുടെ ശേഖരവും വില്പനയും, വായനാ സൗകര്യവും, ഡിജിറ്റൽ വായനാ സൗകര്യവും ഒരുക്കും. കൂടാതെ പ്രഗൽഭരായ സാഹിത്യകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകകൂടെ ചെയ്യുമ്പോൾ എല്ലാ രീതിയിലും ഇതൊരു കലാകൗശല-സംസ്കാരിക കേന്ദ്രമായി മാറ്റപ്പെടും.


ഹാൻഡ്ലൂം വില്ലേജ്

കേരളത്തിലെ എല്ലാ നെയ്ത്ത് രീതികളും പരിചയപ്പെടുത്തുന്ന രീതിയിൽ ക്രാഫ്റ്റ് വില്ലേജിനുള്ളിൽ ഒരു നെയ്ത്ത് ഗ്രാമം തയ്യാറാകുന്നുണ്ട്. നെയ്ത്തിലെ നൂതനമായ രീതികളും പാരമ്പര്യമായ രീതികളും ഈ വില്ലേജിൽ കാണാൻ സാധിക്കും. നെയ്ത്തിലെ എല്ലാ ഘട്ടങ്ങളും,നാച്ചുറൽ ഡൈംഗുൾപ്പെടെ കാണാൻ സാധിക്കുന്ന രീതിയിലാണ് ഇവിടം ഒരുക്കുന്നത്. നെയ്ത്തിന്റെ സാധ്യതകൾ പരിപോഷിപ്പിക്കുന്നതിന് ഹാൻഡ്‌ലൂം ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ട്രെയിനിങ് പ്രോഗ്രാമുകളും എക്സിബിഷനുകളും സംഘടിപ്പിക്കും.