കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് തയ്യാറാക്കിയ മാന്വലിന്റെ കരടിലുളള രണ്ടാമത്തെ പൊതുതെളിവെടുപ്പ് 27ന് രാവിലെ 11ന് നടക്കും. വീഡിയോ കോൺഫറൻസിംഗ് വഴി നടക്കുന്ന തെളിവെടുപ്പിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താം.

പങ്കെടുക്കുന്ന ആളിന്റെ പേര്, ഇമെയിൽ വിലാസം എന്നിവ 20നു ഉച്ചയ്ക്ക് രണ്ടിനകം  kserc@erckerala.org യിൽ അറിയിക്കണം. തപാൽ മുഖേന അഭിപ്രായം അയയ്ക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ 22നു മുമ്പ് ലഭ്യമാക്കണം.

മാന്വലിന്റെ കരട് രൂപം  www.erckerala.org യിൽ പ്രസിദ്ധീരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (സ്റ്റാൻഡേർഡ്‌സ് ഓഫ് പെർഫോർമെൻസ് ഡിസ്ട്രിബ്യൂഷൻ ലൈസൻസിസ്) റെഗുലേഷൻ 2015-ലെ 29-ാം നമ്പർ ചട്ട പ്രകാരമാണ് മാന്വൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്മേലുളള ആദ്യ തെളിവെടുപ്പ് ഫെബ്രുവരി 20ന് നടന്നിരുന്നു.