ഇ -ഹെൽത്ത് പദ്ധതി ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കും : മന്ത്രി കെ.കെ ശൈലജ
എറണാകുളം : ഇ- ഹെൽത്ത് പദ്ധതി ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. കേന്ദ്ര – സംസ്ഥാന സർക്കാരുടെ സഹകരണത്തോടെ എറണാകുളം ജനറൽ ആശുപത്രിയിൽ നടപ്പിലാക്കുന്ന കേന്ദ്രീകൃത ഹെൽത്ത് കെയർ സംവിധാനമായ ഇ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ആശുപത്രിയിലെ എല്ലാ പ്രവർത്തനങ്ങളും ആധുനിക വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇ – ഹെൽത്ത് . ഇതുവഴി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ എന്നിവ ഡിജിറ്റലായി സൂക്ഷിക്കാനാവും.
സാമൂഹികാരോഗ്യപ്രവർത്തകർ ടാബ്ലെറ്റ് കംപ്യൂട്ടറുകൾ ഉപയോഗിച്ച് വ്യക്തികളുടെ ആധാർ നമ്പർ മുഖേന ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം.
പരിസര ശുചിത്വം, പകർച്ച വ്യാധി സാധ്യത, പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങൾ, നേരത്തെ ഉണ്ടായിരുന്ന രോഗ വിവരങ്ങൾ, ജീവിച്ചു വരുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ അപ്പോഴപ്പോൾ തന്നെ കേന്ദ്രികൃത ഡാറ്റാബേസിലേക്ക് അപ്ലോഡ് ചെയ്യപ്പെടും. ആധാർ ഇ – ഹെൽത്തുമായി ബന്ധിപ്പിച്ചവർക്ക് യുണീക്ക് ഹെൽത്ത് ഐ ഡി (യു എച്ച് ഐ ഡി) ആരോഗ്യ കേന്ദ്രത്തിൽ നിന്നും നൽകും . ആശുപത്രിയിൽ നിന്നും ലഭിക്കുന്ന യു എച് ഐ ഡി കാർഡിലും ഒ പി കാർഡിലും രേഖപ്പെടുത്തിയിരിക്കുന്ന 16 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് കേരളത്തിലെ എല്ലാ ഇ ഹെൽത് അധിഷ്ഠിത ആശുപത്രികളിലും ഒ പി കാർഡും ടോക്കണും എടുക്കാം . ഇതുവഴി ആരോഗ്യവിവരങ്ങൾ ഒരേ നമ്പറിൽ തന്നെ ശേഖരിക്കപ്പെടുകയും എല്ലാ ആശുപത്രികളിലും കമ്പ്യൂട്ടർ ശ്ര്യംഖല വഴി ലഭ്യമാവുകയും ചെയ്യും ചികിത്സയുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ടുകളെല്ലാം ഓൺലൈനായി അപ്ലോഡ് ചെയ്യാനും സാധിക്കും . ഇതിലൂടെ ഒരു വ്യക്തിയുടെ ഹെൽത്ത് റെക്കോർഡ് സൃഷ്ടിക്കപ്പെടും. അതിനാൽ ആശുപത്രിയിൽ പോകുമ്പോൾ രേഖകൾ കൊണ്ടു പോകേണ്ട ആവശ്യം ഇനിയില്ല. ഡോക്ടർക്ക് വ്യക്തിയുടെ ഹെൽത്ത് ഹിസ്റ്ററി യു എച് ഐ ഡി നമ്പർ ഉപയോഗിച്ച് ഓൺലൈനായി കാണാൻ സാധിക്കും .അതിനു പുറമെ സാമൂഹിക ആരോഗ്യപ്രവർത്തകർ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങൾ അവർക്ക് ലഭ്യമാക്കിയിട്ടുള്ള ടാബ് ലെറ്റ് കംപ്യൂട്ടറുകൾ ഉപയോഗിച്ച് അപ്ലോഡ് ചെയ്യുകയും ചെയ്യും. സാംക്രമിക രോഗങ്ങളുടെ ഉത്ഭവവും വ്യാപനവും യഥാ സമയം കണ്ടെത്തുന്നതിനും സമയബന്ധിതമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും ഇ- ഹെൽത്ത് പദ്ധതി സഹായകരമാണ്.