തൃശ്ശൂർ: തരിശ് ഭൂമിയിൽ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിൽ നാലാമത് പച്ചത്തുരുത്ത് കൂടി സൃഷ്ടിച്ചു. മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിനോടനുബന്ധിച്ചുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് തുരുത്ത് നിർമിച്ചത്. മുള, ചെമ്പരത്തി തുടങ്ങിയ ചെടികളുപയോഗിച്ച് ജൈവവേലിയും ചുറ്റും കെട്ടിയിട്ടുണ്ട്. ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും വെച്ച് പിടിപ്പിച്ച് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം നിർവഹിച്ചു.

കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിനോട് ചേർന്ന വിശാലമായ ഭൂമിയിൽ നേരത്തെ പച്ചത്തുരുത്ത് നിർമ്മിച്ചിരുന്നു. നെല്ലി, സപ്പോട്ട, പേര, ഞാവൽ, ആര്യവേപ്പ്, ഇലഞ്ഞി, ചാമ്പ തുടങ്ങിയ വിവിധ തരം തൈകളാണ് നടുന്നത്. നഗരസഭയുടെ സ്വന്തം നഴ്‌സറിയിൽ ഉൽപ്പാദിപ്പിച്ച് വളർത്തിയെടുത്തതാണിവ.

അന്തരീക്ഷ വായുവിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാനുമാണ് നഗരസഭ ഈ പദ്ധതി ഏറ്റെടുത്തത്. നഗരസഭയുടെ സ്ഥലങ്ങളിലും പുറമ്പോക്ക് ഭൂമിയിലും ഈ പരിപാടി വ്യാപിപ്പിക്കും. വിവിധ വാർഡുകളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലം കണ്ടെത്തി അവരുടെ അനുവാദത്തോടെയും തുരുത്തുകൾ നിർമിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഇതിനായി അഞ്ച് സെന്റ് ഭൂമിയെങ്കിലും വിട്ടുനൽകണം. ഇപ്രകാരം കിട്ടുന്ന സ്ഥലത്ത് വൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ച് നഗരസഭയും പ്രാദേശിക കമ്മിറ്റികളും ചേർന്ന് തുടർപരിപാലനം നിർവഹിക്കും.

വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സി കെ രാമനാഥൻ, തങ്കമണി സുബ്രഹ്മണ്യൻ, കൗൺസിലർ എം കെ സഹീർ, സെക്രട്ടറി ടി കെ സുജിത്, ഹെൽത്ത് സൂപ്പർവൈസർ കെ വി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.