കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മാറി വികസന പുരോഗതിയുടെ പാതയിലാണെന്നും കാസര്‍കോട് ഇപ്പോള്‍ പഴയ കാസര്‍കോടല്ലെന്നും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 10 ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ പ്രത്യക കരുതലില്‍ നാലര വര്‍ഷക്കാലത്തിനുള്ളില്‍ ജില്ലയുടെ സമസ്ത മേഖലകളിലും വികസനമെത്തി.
ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷന്‍ തുടങ്ങി വിവിധങ്ങളായ മിഷനുകളിലൂടെ വലിയ ജനകീയ ഇടപെടലുകളാണ് നടന്നത്. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടില്‍ പോലും വലിയ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. ആരെയും അവഗണിക്കാതെ എല്ലാ മേഖലകളിലുള്ളവരെയും പരിഗണിച്ച് എല്ലായിടത്തും വികസനമെത്തിക്കുക എന്ന രാഷ്ട്രീയ നയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. പ്രാദേശിക തലത്തില്‍ പോലും വികസനമെത്തിയതിന്റെ അനുഭവസാക്ഷ്യമാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങളിലൂടെ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് മാറ്റം കുറിക്കാന്‍ പ്രഭാകരന്‍ കമ്മീഷന്‍ വിഭാവനം ചെയ്ത കാസര്‍കോട് വികസന പാക്കേജിന്റെ സുഗമമായ നടത്തിപ്പിന് ജില്ലയില്‍ നിന്നുതന്നെയുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിവിധ മേഖലകളില്‍ കിഫ്ബി പദ്ധതി ഉപയോഗപ്പെടുത്തി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. രണ്ട് പ്രളയങ്ങളും നിപ്പയും ഓഖിയുമെല്ലാം പ്രതിസന്ധി തീര്‍ത്തപ്പോഴും കര്‍മ്മ നിരതരായി സമസ്ത മേഖലകളിലും വലിയ മികവുകള്‍ നേടിയ സര്‍ക്കാരാണിത്.
കോവിഡ് പ്രതിസന്ധിയില്‍ ലോകത്തിന് മാതൃകയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനകീയ മുഖം നേടിയ സര്‍ക്കാര്‍. വലിയ ആരോഗ്യ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും ലോകം തന്നെ പകച്ചു നിന്ന കോവിഡ് മഹാമാരിയെ ആതിജീവിച്ച് തുടക്കത്തില്‍ തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാസര്‍കോടിനായി. തിരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാനാര്‍ഥികള്‍ വോട്ടു നേടാന്‍ വിയ വാഗ്ദാനങ്ങള്‍ പറയുമെങ്കിലും അധികാരത്തിലെത്തുമ്പോള്‍ പലതും മറക്കാറാണ് പതിവ്. എന്നാല്‍ അധികാരത്തിലെത്തിയതു മുതല്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം വിവിധ മിഷനുകളിലൂടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്.
അര്‍ഹരായവരിലേക്ക് തന്നെയാണ് വികസനം എത്തിയതും. എന്നാല്‍ നല്ലരീതിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പോലും അപകീര്‍ത്തിപ്പെടുത്താന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നുണ്ട്. വളരെയധികം വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്‌ക്കേണ്ട സമയമാണ് കോവിഡ് മഹാമാരി മൂലം സര്‍ക്കാരിന് നഷ്ടമായത്. കോവിഡ് മഹാമാരി വലിയൊരു പ്രതിസന്ധിയാണ് സര്‍ക്കാരിനും സൃഷ്ടിച്ചിരിക്കുന്നത്. വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എറ്റവും പിന്നോക്കമാണ് കാസര്‍കോടെന്ന ചിന്താഗതിയ്ക്ക് ഇനി പ്രസക്തി ഇല്ലാണ്ടായിരുന്നു. കാസര്‍കോട് വികസനത്തില്‍ ഒന്നാമതെത്തിയിരിക്കുകയാണെന്നും ആ വികസന നേട്ടങ്ങളും നാള്‍ വഴികളും പൊതുജനങ്ങളിലേക്ക് ഹ്രസ്വ ചിത്ര രൂപത്തില്‍ എത്തിക്കുകയാണ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസെന്നും മന്ത്രി പറഞ്ഞു.
ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഇന്‍ ചാര്‍ജ് പി ബിജു, കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍,ജില്ലാ ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്ത്, ജില്ല് വനിത സംരക്ഷണ ഓഫീസര്‍ എം വി സുനിത, ആരോഗ്യ വകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ഷാനി നന്ദി പറഞ്ഞു.