മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് പോകുന്നവരെ നേർവഴിക്ക് കൊണ്ടുവരിക എന്ന ലക്ഷ്യവുമായി എക്സൈസ് വിമുക്തി മിഷൻ ജില്ലയിലെ പട്ടികജാതി-പട്ടികവർഗ്ഗ കോളനികളിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാളയാറിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാളയാറിലെ ചെല്ലൻകാവ് ആദിവാസി കോളനിയിൽ നിന്നാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളുകളെ കൂട്ടം ചേർക്കാതെ വീടുകൾ തോറും കയറിയിറങ്ങിയാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പുറമേ മറ്റ് പ്രശ്നങ്ങൾ ചോദിച്ച് അറിയുന്നതിനും സാധ്യമെങ്കിൽ പരിഹരിക്കുന്നതിനും ശ്രമിക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി.എസ് രാജൻ പറഞ്ഞു.
ജില്ലയിലെ എല്ലാ പട്ടികജാതി-പട്ടികവർഗ കോളനികളിലും ബോധവത്ക്കരണ പ്രവർത്തനം വരും ദിവസങ്ങളിൽ നടത്തും.

വിമുക്തി മിഷൻ തയ്യാറാക്കിയ മദ്യത്തിനെതിരെയുള്ള പോസ്റ്ററുകൾ കോളനിയിലെ പ്രധാന സ്ഥലങ്ങളിൽ പതിച്ചു. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി. എസ് അച്യുതാനന്ദൻ എം.എൽ.എ.യുടെ പ്രത്യേക നിർദേശപ്രകാരമാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

വിമുക്തി മിഷൻ ജില്ലാ മാനേജർ എസ്. ജയപാലൻ, എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ പി.കെ സതീഷ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അൻസാർ കോടശ്ശേരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സരസ്വതി, ഊരുമൂപ്പൻ വിശ്വനാഥൻ, ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി .എസ് അച്യുതാനന്ദൻ എം.എൽ.എ.യുടെ പി.എ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ്‌ ബോധവത്ക്കരണം നടത്തുന്നത്.