മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് കേന്ദ്രം ഉദ്ഘാടനം ചെയ്തു
കണ്ണൂർ: റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ആരംഭിച്ച മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പരിശോധന ആര് ടി പി സി ആര് ഇനി മുതല്‍ ഇവിടെ നിന്നും സാധ്യമാവും.
നിലവില്‍ ആര് ടി പി സി ആര് പരിയാരം ഗവ മെഡിക്കല്‍ കോളേജിലും എം സി സിയിലുമാണുള്ളത്. കണ്ണൂര്‍ നഗരത്തിലെ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലെ കേന്ദ്രം കൂടി വരുന്നത്തോടെ ജില്ലയിലെ പരിശോധന വേഗത്തിലാവും. ദിനംപ്രതി 180ഓളം ടെസ്റ്റുകള്‍ ഇവിടെ നിന്നും ചെയ്യാന്‍ സാധിക്കും. കോവിഡ് ടെസ്റ്റിന് പുറമെ ഹോര്‍മോണ്‍, സൈറ്റോളജി, ബയോപ്സി ടെസ്റ്റുകളും ഇവിടെ നിന്നും ചെയ്യുന്നുണ്ട്.
പരിശോധനയ്ക്കായി 83 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്. 48.75 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ് ഒരുക്കിയിരിക്കുന്നത്.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്, ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, ആര് പി എച്ച് ലാബ് മെഡിക്കല്‍ ഓഫീസര്‍ ഡോ പി ലീന എന്നിവര്‍ പങ്കെടുത്തു.