സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി നവീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പൂയപ്പള്ളി വില്ലേജ് ഓഫീസിന്റെ നവീകരിച്ച കെട്ടിടം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ കൂടി സഹായത്തോടെ ഓഫീസുകള്‍ മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ചട്ടങ്ങള്‍ക്കനുസൃതമായാകും സഹായം സ്വീകരിക്കുക.  സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനുള്ളില്‍ ഓഫീസുകളില്‍ അത്യാവശ്യം നിര്‍വഹിക്കേണ്ട അറ്റകുറ്റപണികളെല്ലാം പൂര്‍ത്തിയാക്കും. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസ റാവുത്തര്‍, മറ്റു ജനപ്രതിനിധികള്‍, എ.ഡി.എം കെ.ആര്‍. മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ബി. ശശികുമാര്‍, ആര്‍. സുമീതന്‍പിള്ള, കൊട്ടാരക്കര തഹസില്‍ദാര്‍ ബി. അനില്‍കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.