കോവിഡ് 19 പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാതല ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ജില്ലാ ഭരണ സംവിധാനത്തിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രം ‘പ്ലീസ്’ കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനായി. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ രാമന്‍സ്വാതി വാമന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ മുരളീധര നല്ലൂരായ, സിഎഫ്എല്‍ടിസി നോഡല്‍ ഓഫീസര്‍ ഡോ .രജിത് കൃഷ്ണന്‍, ജില്ലാ മലേറിയ ഓഫീസര്‍ പ്രകാശ്കുമാര്‍ കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിവിമഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ .എ വി രാംദാസ് സ്വാഗതവും ജില്ലാ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവരാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ അവഗണിച്ച് കറങ്ങി നടക്കുന്ന ചെറുപ്പക്കാരനില്‍ നിന്ന് കോവിഡ് ബാധിച്ച് മരിക്കുന്ന മുത്തച്ഛന്റെ ജീവിതം പറയുന്ന ഹ്രസ്വ ചിത്രം തുടക്കം മുതല്‍ അവസാനം വരെ വ്യത്യസ്തമായ ഒരു അനുഭവമാണ് പ്രേഷകര്‍ക്ക് സമ്മാനിക്കുന്നത്. പ്രായാധിക്യമുള്ളവര്‍, മറ്റ് രോഗബാധിതര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് നല്‍കേണ്ട കരുതലിനെ കുറിച്ച് ഒര്‍മ്മപ്പെടുത്തുന്ന 10 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്് ജില്ല കൊറോണ കണ്‍ട്രോള്‍ സെല്ലിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി വി മഹേഷ് കുമാറാണ്.