തരൂർ മണ്ഡലത്തിലെ തരൂർ, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം ചെലവിൽ നിർമ്മിച്ച തരൂർ കുട്ടൻകോട് ശിശുമന്ദിരം കെട്ടിടത്തിന്റെ ഉദ്ഘാടനവും 35 ലക്ഷം ചെലവിൽ നിർമ്മിക്കുന്ന മൂന്ന് അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും മന്ത്രി എ.കെ ബാലൻ നിർവഹിച്ചു. കൊന്നച്ചേരി നെച്ചിപറമ്പ് മാതൃകാ അങ്കണവാടി കെട്ടിടം (15 ലക്ഷം), കണ്ണമ്പ്ര കൊട്ടേക്കാട് അങ്കണവാടി കെട്ടിടം (10 ലക്ഷം), ചല്ലിപ്പറമ്പ് അങ്കണവാടി കെട്ടിടം (10 ലക്ഷം) എന്നിവയുടെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
വടക്കഞ്ചേരിയിൽ 32 അങ്കണവാടിയിൽ 10 എണ്ണത്തിനാണ് സ്വന്തമായി കെട്ടിടമില്ലാത്തത്. കണ്ണമ്പ്രയിൽ 25 അങ്കണവാടിയിൽ ഒരെണ്ണത്തിനും തരൂരിൽ 25 അങ്കണവാടിയിൽ ആറെണ്ണത്തിനുമാണ് കെട്ടിടം ഇല്ലാത്തത്. ഇവയ്ക്ക് സ്ഥലം കണ്ടെത്തിയാൽ ഈ സാമ്പത്തിക വർഷം തന്നെ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. തരൂരിൽ എം.എൽ.എ.യും മന്ത്രിയും ആയിരിക്കുന്ന സമയങ്ങളിൽ രണ്ടു ഘട്ടത്തിലായി 31 അങ്കണവാടികൾക്ക് എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി കെട്ടിടം നിർമിക്കാൻ സാധിച്ചിട്ടുണ്ട്.
അങ്കണവാടി വർക്കർമാരുടെ വേതനം സർക്കാർ വന്നതിനു ശേഷം 12,000 രൂപയായി വർധിപ്പിച്ചു. ഹെൽപ്പർമാരുടെത് 7000 ത്തിൽ നിന്നും 10000 ആയി വർധിപ്പിച്ചു. വർക്കർമാരുടെ പെൻഷൻ 500 രൂപയിൽ നിന്നും 1000 രൂപയായി വർദ്ധിപ്പിച്ചു. ഹെൽപ്പർമാരുടെ പെൻഷൻ 300 രൂപയിൽ നിന്ന് 600 ആയി ഉയർത്തി എന്നും മന്ത്രി പറഞ്ഞു. കൊറോണ കാലഘട്ടത്തിൽ മുൻകാലങ്ങളിലെ പോലെ പ്രവർത്തിക്കാൻ കഴിയില്ലെങ്കിൽ കൂടി കുട്ടികൾ വീട്ടിൽ ആണെന്ന് മനസ്സിലാക്കി അങ്കണവാടി ജീവനക്കാർ വേണ്ട സേവനങ്ങൾ നൽകുന്നുണ്ട്. കുട്ടികളുടെ കാര്യം മാത്രമല്ല ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർക്കുള്ള പ്രാഥമിക പരിരക്ഷണവും അങ്കണവാടി മുഖേന നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ചാമുണ്ണി പരിപാടിയിൽ അധ്യക്ഷനായി. എൽ എസ് ജി ഡി ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി.എസ് അനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് കുമാർ, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി.റെജിമോൻ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.