സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കഴിഞ്ഞ നാലരവര്‍ഷക്കാലമായി നടത്തി വരുന്നതെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കടപ്രയില്‍ ആധുനിക രീതിയില്‍ നവീകരിച്ച ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം, പുതുതായി പണികഴിപ്പിച്ച വാതകശ്മശാനം, കടപ്ര പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക്ക്ഡൗണ്‍ കാലത്ത് 1023 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു. 86 ലക്ഷം ആളുകള്‍ക്ക് ഇതു വഴി ഭക്ഷണം നല്‍കി. ഇതില്‍ 76 ലക്ഷം ആളുകള്‍ക്കും സൗജന്യമായിട്ടാണ് ഭക്ഷണം നല്‍കിയത്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 29 ലക്ഷം കോട്ടണ്‍ മാസ്‌ക്കുകളും 4783 ലിറ്റര്‍ സാനിറ്റൈസറും നിര്‍മിച്ചു. തൊഴില്‍ നഷ്ടവും സാമ്പത്തിക ആഘാതവും ലഘൂകരിക്കാന്‍ എംജിഎന്‍ആര്‍ഇജിഎസ് മുഖേനയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വഴിയും 1.32 കോടി തൊഴില്‍ ദിനം സൃഷ്ടിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 600 ല്‍ നിന്ന് 1400 രൂപയായി ഉയര്‍ത്തി. 48.91 ലക്ഷം പേര്‍ക്ക് 24,366 കോടി രൂപ സര്‍ക്കാര്‍ ഇതിലൂടെ വിതരണം ചെയ്തു. 15 ലക്ഷം ആളുകള്‍ക്ക് അധികമായി വിവിധ പെന്‍ഷനുകള്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.

ജനസേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍മിച്ച പഞ്ചായത്ത് ഓഫീസ് ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തി. ഒരേ സമയം 10 മൃതശരീരം സംസ്‌കരിക്കാവുന്ന തരത്തിലുള്ള ജില്ലയിലെ ഏക മാതൃകാ പദ്ധതിയാണ് വാതക ശ്മശാനം. നിരവധി വര്‍ഷങ്ങളായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടപ്ര പ്രാഥമിക ആരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ഹോമിയോ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുവരികയാണ്.

കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാതക ശ്മശാനത്തിന്റെ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ വിശിഷ്ട വ്യക്തികളെ ആദരിച്ചു. വികസന റിപ്പോര്‍ട്ടിന്റെ പ്രകാശനം തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ആര്‍ സനല്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എം.ബി. നൈനാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജേശ്വരി, ഗ്രാമപഞ്ചായത്ത് വിസനകാര്യ ചെയര്‍പേഴ്‌സണ്‍ ലിജി ആര്‍ പണിക്കര്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ സാലി മത്തായി, വാര്‍ഡ് മെമ്പര്‍മാരായ മോഹന്‍ തൈക്കടവില്‍, പി.കെ. നിര്‍മ്മല, വിജയലക്ഷ്മി അമ്മാള്‍, അനില്‍കുമാര്‍, മേരിക്കുട്ടി ജോണ്‍സണ്‍, വി.കെ. മധു, സുരേഷ് തോമസ്, ജോസ്.വി.ചെറി, ഷാന്റി ഏബ്രഹാം, ഉമ്മന്‍ മത്തായി, പ്രേംജിത്ത്, കടപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് ഈപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ച പരുമല സെമിനാരി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അലക്‌സാണ്ടര്‍ പി. ജേക്കബ്, കടപ്ര ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വോളണ്ടിയേഴ്‌സ്, പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് സൗജന്യമായി നല്‍കിയ ലയണ്‍സ് 318ബി ഗവര്‍ണര്‍ ഡോ. സി. പി. ജയകുമാര്‍, കടപ്ര ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി മോണിക്കാമ്മ കോട്ടയ്ക്കമാലി, കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിപിഎ വയലിന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീജു പവനന്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.