കേരളപ്പിറവി ദിനത്തില്‍ പത്തനംതിട്ടയെ പച്ചപുതപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. 2015 മുതല്‍ 2020 വരെ അഞ്ചുവര്‍ഷ കാലയളവില്‍ നേടിയെടുത്ത നേട്ടങ്ങള്‍ക്ക് ഒപ്പം നവംബര്‍ 11 ന് പടിയിറങ്ങുകയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍. ജനസേവനത്തിന്റെ നല്ലനാളുകള്‍ ഓര്‍ത്തുവയ്ക്കാനായി 38-ാം പിറന്നാള്‍ ദിനത്തില്‍ ജില്ലയ്ക്ക് വേണ്ടി പച്ചക്കുട സമ്മാനിച്ചു അവര്‍ ഓരോരുത്തരും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവരുടെ ഭരണസമിതിയുടെ ഓര്‍മ്മയ്ക്കായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് ഓര്‍മ്മത്തുരുത്തുകള്‍ സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, 53 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ എന്നിങ്ങനെ 66 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 66 ഓര്‍മ്മത്തുരുത്തുകളാണ് ജില്ലയില്‍ ഒരുങ്ങുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വീട്ടില്‍ നിന്നും തൈകള്‍ കൊണ്ടുവന്ന് നടുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരുന്നത്. ഒരു സെന്റില്‍ കുറയാത്ത തുരുത്തുകളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തൈകള്‍ നട്ടു.

ഓര്‍മ്മത്തുരുത്ത് ജില്ലാതല ഉദ്ഘാടനം കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ പള്ളിക്കലാറിന്റെ തീരത്ത് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ കോന്നി ഗ്രാമപഞ്ചായത്തിലെ ഓര്‍മ്മത്തുരുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ഓര്‍മ്മത്തുരുത്ത് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് തൈനട്ട് ഉദ്ഘാടനം ചെയ്തു. മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തദ്ദേശഭരണതല അധ്യക്ഷന്‍മാര്‍ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.


ജില്ലാ പഞ്ചായത്ത് ഔഷധസസ്യ ഓര്‍മ്മത്തുരുത്ത് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി. സതികുമാരി, എസ്.വി.സുബിന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ തൈ നട്ട് നിര്‍വഹിച്ചു. മറ്റ് ഓര്‍മ്മത്തുരുത്തുകളില്‍ നിന്നും വ്യത്യസ്തമായി മൂന്നു സെന്റ് സ്ഥലത്ത് ഔഷധ സസ്യങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഔഷധസസ്യ ഓര്‍മ്മത്തുരുത്താണ് ജില്ലാ പഞ്ചായത്തില്‍ ഒരുങ്ങുന്നത്. ഒരുകാല്‍മുടന്തി, വാതംകൊല്ലി, കസ്തൂരി വെണ്ട, ചെറുതേക്ക്, തുളസി, കാട്ടുതുളസി, പച്ചില തുളസി, അയമോദക തുളസി, ചിറ്റാടലോടകം, കൂവളം, കനകാംബരം, അഗസ്തി തുളസി, കര്‍പ്പൂര തുളസി, വിഷ പച്ച, പാച്ചോത്തി, ഭദ്രാക്ഷം, വെളള ശംഖുപുഷ്പം, പെരുകുരുമ്പ, കിരിയാത്ത്, മരല്‍, തെച്ചി, കൊടുവേലി, മണിതക്കാളി, ചങ്ങലംപരണ്ട, പാല്‍മുതക്ക്, ശതാവരി, മുറികൂടിപച്ച, സഫേദ് മുസലി, വാതം പറത്തി, മുഞ്ഞ, വെളുത്തുളളി എന്നീ ഇനത്തില്‍പ്പെട്ട 30 സസ്യങ്ങളാണ് ഔഷധസസ്യ ഓര്‍മ്മത്തുരുത്തില്‍ നട്ടത്. ഹരിതകേരളം മിഷന്‍ മുന്നോട്ടു വച്ച ഇത്തരമൊരു ആശയത്തെ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ഈ ഉദ്യമത്തോട് സഹകരിക്കുകയും ചെയ്തെന്നും ജില്ലാ പഞ്ചായത്തില്‍ സ്ഥാപിക്കുന്ന ഔഷധസസ്യ ഓര്‍മ്മത്തുരുത്തിന് ഹരിതകേരളം ജില്ലാ മിഷനും കളക്ട്രേറ്റ് ക്വാര്‍ട്ടേഴ്സ് നിവാസികളും ചേര്‍ന്ന് മേല്‍നോട്ടം വഹിക്കുമെന്നും ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പരിപാടികള്‍ നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി തീര്‍ന്ന ശേഷവും എല്ലാക്കാലവും അവരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതാണ് ഈ പച്ചത്തുരുത്തുകള്‍. മാവ്, പ്ലാവ്, നെല്ലി, ആത്ത, മുളളാത്ത, പേര, റമ്പൂട്ടാന്‍, പുളി, ജാതി, മാങ്കോസ്റ്റിന്‍, ലോലോലിക്ക, കൊന്ന, ഓമ, ഞാവല്‍, കൂവളം, തുടങ്ങിയ ഫലവൃക്ഷങ്ങളാണ് ഓര്‍മ്മത്തുരുത്തില്‍ നട്ടത്. കാലാവസ്ഥാ വ്യതിയാനത്തെ തടയുന്നതിനും പ്രകൃതി സംരക്ഷണത്തിനും ഉതകുന്ന തരത്തിലാണ് ഓര്‍മ്മത്തുരുത്തുകള്‍ സ്ഥാപിച്ചത്.
ഓര്‍മ്മത്തുരുത്തിന്റെ തുടര്‍പരിപാലനവും സംരക്ഷണവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉറപ്പുവരുത്തും. ഓര്‍മ്മത്തുരുത്തിന് ജൈവവേലി കെട്ടി തൈകള്‍ സംരക്ഷിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേരില്‍ അറിയപ്പെടുന്നതിന് വേണ്ടിയുളള ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും.