തിരുവനന്തപുരം: വയോജനങ്ങള്‍ക്കായി കാരോട് വടവൂര്‍ക്കോണത്ത് ആരംഭിച്ച പകല്‍വീടിന്റെ ഉദ്ഘാടനം കെ.ആന്‍സലന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ചെങ്കവിള ഡിവിഷന്‍ മെമ്പര്‍ പി.പി.ഷിജുവിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ട് തുകയായ 35 ലക്ഷം രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കിയത്. പകല്‍വീടിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാവിധ സഹായവും നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു.
വയോജനങ്ങളുടെ മാനസിക-ശാരീരിക ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ പകല്‍വീടില്‍ ക്രമീകരിക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് പകല്‍വീട് പ്രവര്‍ത്തിക്കുക. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് നടപ്പാക്കിയ വയോമിത്രം പദ്ധതിയുടെ സേവനങ്ങളും ഇവിടെ ലഭിക്കും.
ചടങ്ങില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സലൂജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ബെന്‍ഡാര്‍വിന്‍, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുസ്മിത, ചെങ്കവിള ഡിവിഷന്‍ മെമ്പര്‍ പി.പി.ഷിജു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.