സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്ഷിക യന്ത്രവല്ക്കരണ ഉപപദ്ധതിയിലൂടെ കര്ഷകര്ക്ക് ഈ നടപ്പ് സാമ്പത്തിക വര്ഷം 100 കോടി രൂപയുടെ വായ്പ നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാര്ഷിക യന്ത്രവല്ക്കരണ ഉപ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഓണ്ലൈനായി നിര്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്ഷികരംഗത്ത് യന്ത്രവല്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതിപ്രകാരം കര്ഷകര്ക്ക് യന്ത്രോപകരണങ്ങള് വാങ്ങി ഉപയോഗിക്കുന്നതിന് വ്യക്തിഗത ആനുകൂല്യവും സംരംഭകര്ക്ക് കാര്ഷിക യന്ത്രങ്ങളുടെ കസ്റ്റം ഹൈറിങ് സെന്റര് ആരംഭിക്കുന്നതിനുള്ള ആനുകൂല്യവും നല്കും. പട്ടികജാതി – പട്ടികവര്ഗ്ഗ വിഭാഗക്കാര്, ചെറുകിട, നാമമാത്ര സംരംഭകര്, വനിതാ ഗുണഭോക്താക്കള് എന്നിവര്ക്ക് കാര്ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങി ഉപയോഗിക്കുന്നതിന് 50 ശതമാനം നിരക്കിലും മറ്റ് ഗുണഭോക്താക്കള്ക്ക് 40 ശതമാനം നിരക്കില് വ്യക്തിഗത ആനുകൂല്യം നല്കും. വാടക കേന്ദ്രങ്ങള് സ്ഥാപിക്കുന്നവര്ക്ക് 40 ശതമാനം സാമ്പത്തിക സഹായം നല്കും. പരമാവധി 60 ലക്ഷം രൂപവരെ മുതല് മുടക്കുള്ള വാടക കേന്ദ്രങ്ങള്ക്ക് സര്ക്കാര് സഹായം ലഭിക്കും. ഫാം മിഷനറി ബാങ്കുകള് ആരംഭിക്കുന്ന എട്ടുപേരില് കുറയാത്ത കര്ഷകര് ഉള്പ്പെടുന്ന കര്ഷക കൂട്ടായ്മകള്ക്ക് 80% സബ്‌സിഡി നിരക്കില് എട്ട് ലക്ഷം വരെ സാമ്പത്തിക സഹായം നല്കും.
കമ്പ്യൂട്ടര് പരിജ്ഞാനമുള്ള ആര്ക്കും ഓണ്ലൈന് ആയി പദ്ധതിയുടെ രജിസ്‌ട്രേഷന് നടപടിക്രമങ്ങള് പൂര്ത്തിയാക്കാം. സീനിയോറിറ്റി അനുസരിച്ച് കാര്ഷികോപകരണങ്ങള് അല്ലെങ്കില് യന്ത്രങ്ങള് അംഗീകൃത വിതരണക്കാരന് വാങ്ങാന് കഴിയും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കാര്ഷികോല്പാദനം വര്ധിപ്പിക്കാനും വിളകള്ക്ക് ന്യായവില ഉറപ്പുവരുത്താനും അതിലൂടെ കര്ഷകര്ക്ക് സംരക്ഷണം ഉറപ്പുവരുത്താനും ആണ് ഇത്തരത്തിലുള്ള പദ്ധതികളിലൂടെ സര്ക്കാര് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷി മന്ത്രി വി.എസ് സുനില്കുമാര് അധ്യക്ഷനായി. പട്ടികജാതി, പട്ടികവര്ഗ്ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന് ആശംസ അര്പ്പിച്ചു. പദ്ധതി വഴി ഓണ്ലൈനായി രജിസ്റ്റര് ചെയ്ത് മെഷീന് വാങ്ങുന്ന ഗുണഭോക്താക്കള്ക്ക് മെഷീനുകളുടെ താക്കോല്ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി നിര്വഹിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില് നടന്ന പരിപാടിയില് ഓണ്ലൈനായി കൃഷി വകുപ്പ് ഡയറക്ടര് ഡോ. കെ. വാസുകി പദ്ധതി വിശദീകരണം നടത്തി. അഗ്രികള്ച്ചറല് ചീഫ് എന്ജിനീയര് വി. ബാബു, പ്രിന്സിപ്പല് കൃഷി ഓഫീസര് വി.സുരേഷ് ബാബു, കൃഷിവകുപ്പ് ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.