>> മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
>> 12 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ആറു സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. കിഫ്ബിയുടെ മൂന്നു കോടി രൂപ ധനസഹായത്തോടെയാണ് ഗവ.എച്ച്.എസ് പെരുമ്പഴുതൂര്‍, ഗവ.വി.എച്ച്.എസ്.എസ് കല്ലറ എന്നീ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മറ്റു പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഗവ. യു.പി.എസ് പെരിങ്ങമ്മല, ഗവ. എല്‍.പി.എസ് മാരായമുട്ടം, ഗവ. എല്‍.പി.എസ് തോന്നയ്ക്കല്‍, ഗവ. സെന്‍ട്രല്‍ എച്ച്.എസ് അട്ടകുളങ്ങര എന്നീ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. ഇതില്‍ പൈതൃക സംരക്ഷണ പദ്ധതിയില്‍പ്പെടുത്തിയാണ് അട്ടകുളങ്ങര ഗവ. സെന്‍ട്രല്‍ എച്ച്.എസ് സ്കൂള്‍ പുനര്‍നിര്‍മിച്ചത്.
ഗവ. യു.പി.എസ് പോത്തന്‍കോട്, ഗവ. എം.ബി.എച്ച്.എസ്.എസ് ആറ്റിങ്ങല്‍, ജി.എച്ച്.എസ് പോങ്ങനാട്, ജി.എച്ച്.എസ്.എസ് തട്ടത്തുമല, ജി.എച്ച്.എസ് കൊടുവഴന്നൂര്‍, ജി.എച്ച്. എസ് അരുവിക്കര, ജി.എച്ച്.എസ് വിതുര, ജി.എച്ച്.എസ് വെയ്ലൂര്, ജി.എച്ച്.എസ് വെയ്ലൂര് (എസ്.എസ്.കെ), ജി.എച്ച്.എസ് കുടവൂര്‍ക്കോണം, ജി.എച്ച്.എസ്.എസ് കുളത്തുമ്മല്‍, ജി.എച്ച്.എസ് കരിപ്പൂര്‍ എന്നീ സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ചടങ്ങില്‍ നടന്നു. കിഫ്ബി ധനസഹായം, നബാര്‍ഡ്, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിര്‍മാണം.
പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ശാക്തീകരിക്കാനാകുമെന്ന് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ ഭൗതിക സൗകര്യ വികസനം ഏറെ മെച്ചപ്പെട്ടു. സ്വകാര്യ സ്കൂളുകളെ വെല്ലുന്ന രീതിയിലുള്ള ഭൗതിക സൗകര്യ വികസനമാണ് പൊതുവിദ്യാലയങ്ങളില്‍ കൊണ്ടുവരാനായത്. അക്കാദമിക കാര്യങ്ങളിലും കേരളത്തിന്റെ പൊതു വിദ്യാഭ്യാസം മികച്ചതാണ്. നീതി ആയോഗ് പഠനത്തില്‍ നമുക്ക് ലഭിച്ച ഒന്നാം സ്ഥാനം ഇതിനുള്ള തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കല്ലറ ഗവ.വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിര്‍മിച്ച പുതിയ ബഹുനില മന്ദിരത്തില്‍ മൂന്നു നിലകളിലായി 15 ക്ലാസ് മുറികള്‍, മൂന്നു ടോയിലറ്റ് ബ്ലോക്കുകള്‍, പാര്‍ക്കിംഗ് & മീറ്റിംഗ് ഏരിയ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റിയ ഇവിടെ ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലായി മൂവായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്. 1.56 കോടി രൂപ ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെയും ആറു ക്ലാസ് റൂമുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. കൂടാതെ സ്കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡി.കെ മുരളി എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്നും 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പെരിങ്ങമ്മല ഗവ. യുപിഎസില്‍ മൂന്നു നിലകളിലായി 12 ക്ലാസ് മുറികള്‍ അടങ്ങിയ കെട്ടിടമാണ് നിര്‍മിച്ചത്. ഇതിന് പുറമെ ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ ഒരുക്കുന്നതിനായി 15 ലാപ്ടോപ്പുകളും സ്കൂളില്‍ നല്‍കിയിട്ടുണ്ട്. ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലായി ആയിരത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തോന്നയ്ക്കല്‍ ഗവ. എല്‍.പി സ്കൂളില്‍ മൂന്നു നിലകളുള്ള കെട്ടിടമാണുള്ളത്. പെരുമ്പഴുതൂര്‍ ഹൈ സ്കൂളില്‍ 3.2 കോടി ചെലവഴിച്ചാണ് പുതിയ മന്ദിരം പണികഴിപ്പിച്ചത്. 13,300 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങളുള്ള 13 ക്ലാസ് മുറികള്‍, രണ്ട് ലാബുകള്‍, സ്റ്റാഫ് റൂം, ഓഫീസ് റൂം, ടോയ്ലറ്റുകള് എന്നിവയുണ്ട്.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, പി.തിലോത്തമന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മണ്ഡലാടിസ്ഥാനത്തില്‍ നടന്ന വിവിധ ചടങ്ങുകളില്‍ കെ. ആന്‍സലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം എസ്. എം റാസി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി ചന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.