തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ റിട്ടേണിങ് ഓഫിസര്‍മാരുടേയും എംസിസി സ്‌ക്വാഡ്, ആന്റി ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവരുടെ യോഗമാണു വിളിച്ചു ചേര്‍ത്തത്. നഗരസഭാ പരിധിയില്‍ പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതു സംബന്ധിച്ച നടപടികള്‍ കര്‍ശനമാക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍.വി. സാമുവലും യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഒന്നു മുതല്‍ 25 വരെ ഡിവിഷനുകളില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ വി. ജഗല്‍കുമാറും, 26 മുതല്‍ 50 വരെ ഡിവിഷനുകളില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ ജലജ ജി.എസ്. റാണിയും 51 മുതല്‍ 75 വരെ ഡിവിഷനുകളില്‍ സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയും 76 മുതല്‍ 100 ഡിവിഷനുകളില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ബി.എസ്. രാജീവുമാണ് റിട്ടേണിങ് ഓഫിസര്‍മാര്‍.